തിരുവനന്തപുരം.എസ്എസ്എൽസി പരീക്ഷാ മൂല്യനിർണയ രീതിയിൽ സമൂലമാറ്റത്തിന് ഒരുങ്ങി സർക്കാർ. അടുത്ത വർഷം മുതൽ ഓരോ വിഷയത്തിനും വിജയിക്കാൻ എഴുത്ത് പരീക്ഷയ്ക്ക് നിശ്ചിത മാർക്ക് നേടണമെന്ന നിബന്ധന കൊണ്ടുവരും. ഒമ്പതാം ക്ലാസ് വരെ എല്ലാ കുട്ടികളെയും വിജയിപ്പിക്കുന്ന സമ്പ്രദായത്തിൽ മാറ്റം വരുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
നിലവിലെ രീതി അനുസരിച്ച്
എഴുത്തു പരീക്ഷയും നിരന്തര മൂല്യനിർണയവും അടക്കം 30 ശതമാനം മാർക്ക് മതി വിദ്യാർത്ഥിക്ക് വിജയിക്കാൻ. എന്നാൽ ഇത് കുട്ടികളുടെ അക്കാദമിക നിലവാരത്തെ സാരമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മൂല്യനിർണയ രീതി മാറ്റാനുള്ള തീരുമാനം. നിരന്തര മൂല്യനിർണയത്തിനൊപ്പം എഴുത്തു പരീക്ഷയ്ക്ക് വിജയിക്കാൻ ഒരു നിശ്ചിതമാർക്ക് വേണമെന്ന നിബന്ധന കൊണ്ടുവരും.പേപ്പർ മിനിമം വരുന്നതോടുകൂടി 80 മാർക്കിനുള്ള എഴുത്തു പരീക്ഷയിൽ ജയിക്കണമെങ്കിൽ മിനിമം 24 മാർക്ക് കിട്ടിയിരിക്കണം.
മൂല്യനിർണയ രീതി മാറുമ്പോൾ കുട്ടികളുടെയും അധ്യാപകരുടെയും പരീക്ഷയോടുള്ള സമീപനം മാറുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒമ്പതാം ക്ലാസ് വരെ എല്ലാവരെയും വിജയിപ്പിക്കുന്ന സമ്പ്രദായം പുന പരിശോധിക്കും.
എല്ലാ മേഖലകളിൽ നിന്നുള്ളവരും ആയും വിശദമായ ചർച്ച നടത്തിയ ശേഷമാകും അന്തിമ തീരുമാനമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.