രണ്ടാം ദിവസവും യാത്രക്കാരെ പെരുവഴിയിലാക്കി എയർഇന്ത്യ,നടപടി തുടങ്ങി

Advertisement

കൊച്ചി. രണ്ടാം ദിവസവും യാത്രക്കാരെ പെരുവഴിയിലാക്കി എയർഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പ്രതിഷേധം. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും ഇന്നും സർവീസ് മുടങ്ങി. യുഎഇയിൽ നിന്ന് വെള്ളിയാഴ്ച വരെയുള്ള കൂടുതൽ സർവീസുകളും റദ്ദാക്കി.

മുന്നറിയിപ്പില്ലാതെ സർവീസുകൾ രണ്ടാം ദിവസവും റദ്ദാക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. വിസാകാലാവധിയും, അവധിയും തീരുന്നവരുൾപ്പെടെയുള്ള പ്രവാസികളാണ് ഏറെ വലഞ്ഞത്. തിരുവനന്തപുരം കണ്ണൂർ കരിപ്പൂർ നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിലായി ഇന്നു മാത്രം റദ്ദാക്കിയത് 20ലധികം എയർ ഇന്ത്യ സർവീസുകൾ.

ഇന്നലെ ക്യാൻസൽ ചെയ്ത പല ടിക്കറ്റുകളും നാളത്തേക്കാണ് റീ ഷെഡ്യൂൾ ചെയ്ത നൽകിയിരിക്കുന്നത്. എന്നാൽ സമരം അവസാനിച്ചില്ലെങ്കിൽ
ഈ സർവീസുകൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ലെന്ന് യാത്രക്കാർ പറഞ്ഞു. ചർച്ചയിലൂടെ പ്രതിസന്ധി എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നീക്കത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ്.

കൂട്ട അവധി എടുത്ത ജീവനക്കാർക്കെതിരെ ശിക്ഷാ നടപടി തുടങ്ങി എയർ ഇന്ത്യാ എക്സ്പ്രസ്. 25 ജീവനക്കാരെ പിരിച്ച് വിട്ടു. കൂടുതൽ പേർക്ക് നോട്ടീസ് നൽകും. എന്നാൽ എയർ ഇന്ത്യയിൽ നഗ്നമായ തൊഴിൽ നിയമ ലംഘനം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ലേബർ കമ്മീഷണർ ടാറ്റാ ഗ്രൂപ്പിന് അയച്ച ഇമെയിൽ പുറത്ത് വന്നു. ലേബർ കമ്മീഷൻ മധ്യസ്ഥ ശ്രമം തുടരുകയാണ്.


അതേസമയം കൂട്ട അവധി മുൻകൂട്ടി തയ്യാറാക്കിയ ധാരണ പ്രകാരമെന്ന് വ്യക്തമായതായി എയർ ഇന്ത്യ പിരിച്ച് വിടൽ നോട്ടീസിൽ പറയുന്നു. സ്ഥാപനത്തെ നാണം കെടുത്തിയ നടപടിയാണ് ഉണ്ടായത്. കമ്പനിയുമായുള്ള കരാറിലെ വ്യവസ്ഥകൾ ജീവനക്കാർ ലംഘിച്ചെന്നും അത് മൂലം ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞെന്നും നോട്ടീസിലുണ്ട്. പ്രതിഷേധിക്കുന്ന ക്യാബിൻ ക്രൂവിന് പറയാനുള്ളത് കേൾക്കാൻ സന്നദ്ധമാണെന്ന് കമ്പനി സിഇഒ ജീവനക്കാർക്ക് അയച്ച ഇമെയലിലിൽ പറയുന്നു.അതേസമയം സ്ഥാപനവും ജീവനക്കാരും തമ്മിലുള്ള പ്രശ്നം ഗുരുതരമാക്കിയതിൽ മാനേജ് മെന്ർറിനെ പ്രതിക്കൂട്ടിലാക്കുന്ന തെളിവ് ഇന്ന് പുറത്ത് വന്നു. ഡൽഹിയിലെ റീജിയണൽ കമ്മീഷണർ പ്രശ്നത്തിൽ ഇടപെട്ട് മെയ് മൂന്നിന് ടാറ്റാ ഗ്രൂപ്പ് ചെയർമാന് അയച്ച ഇമെയിലാണ് പുറത്ത് വന്നത്. നഗ്നമായ തൊഴിൽ ലംഘനം നടന്നെന്നും പ്രശ്ന പരിഹാരത്തിന് മാനേജ്മെന്ർറ് സഹകരിച്ചില്ലെന്നും വേബർ കമ്മീഷണർ കുറ്റപ്പെടുത്തി. തെറ്റായ വിവരങ്ങൾ നൽകി കമ്മീഷനെ വഴിതെറ്റിക്കാൻ കമ്പനി ശ്രമിച്ചെന്നും കുറ്റപ്പെടുത്തുന്നു. ഉച്ചയ്ക്ക് ശേഷം മാനേജ്മെന്ർറും സമരം ചെയ്യുന്ന ജീവനക്കാരും ലേബർ കമ്മീഷന്ർറെ മധ്യസ്ഥതയിൽ യോഗം ചേരും. യോഗത്തിൽ സമവായം ആയില്ലെങ്കിലും പ്രതിസന്ധി അയയില്ല. യാത്രക്കാർ വലയും