വാർത്താനോട്ടം

Advertisement

2024 മെയ് 10 വെള്ളി

🌴 കേരളീയം 🌴

🙏 പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി സര്‍ക്കാര്‍. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരും. ടെസ്റ്റിന് തീയതി ലഭിച്ചവര്‍ സ്വന്തം വാഹനവുമായി ഇന്നു മുതല്‍ എത്തണം.

🙏 ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ കാലം ചെയ്ത ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറില്‍ കബറടക്കും. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സിനഡിന്റേതാണ് തീരുമാനം. എട്ടു മുതല്‍ പത്തു ദിവസത്തിനുള്ളിലാകും ചടങ്ങ് നടക്കുക.

🙏 സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. വിഎച്ച്എസ്ഇ പരീക്ഷയില്‍ 71.42ശതമാനമാണ് വിജയം.

🙏 സംസ്ഥാനത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ നൂറുമേനി വിജയം നേടിയ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണത്തില്‍ കുറവ്. ഇക്കുറി 100 ശതമാനം വിജയം നേടിയത് ഏഴ് സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 100 ശതമാനം വിജയം നേടിയ സ്‌കൂള്‍ അധികം ഇല്ലാത്തതില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണം പ്രഖ്യാപിച്ചു.

🙏 തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാന്‍ തീരുമാനം. നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് അരളിപ്പൂവ് ഇനി മുതല്‍ ഉപയോഗിക്കില്ല എന്നാല്‍ പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. ഇന്ന് മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും.

🙏 സംസ്ഥാനത്ത് ചൂട് ഇനിയും ഉയരുമെന്നും, ആലപ്പുഴ ജില്ലയില്‍ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സാധാരണയേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി വരെ താപനില ഉയരും. കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🙏 വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതിനാല്‍ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവില്‍ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള സ്ഥലങ്ങളില്‍ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.

🙏 സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് പൊതുഭരണ അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍. ഉദ്യോഗസ്ഥര്‍ ഓഫിസില്‍ ഹാജരാകുന്ന സമയം, അവരുടെ കൈവശമുള്ള തുക എത്ര, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്തൊക്കെ, എന്നുള്ള വിവരം ഡെയ്‌ലി ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ പേഴ്സണല്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിര്‍ദേശം.

🙏 കുട്ടിക്കാനത്ത് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരണമടഞ്ഞു. കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ മുറിഞ്ഞപുഴക്ക് അടുത്ത് നടന്ന അപകടത്തില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ സിന്ധു, ഭദ്ര എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമാണ്.

🇳🇪 ദേശീയം 🇳🇪

🙏 പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയേയും പൊതുസംവാദത്തിന് ക്ഷണിച്ച് വിരമിച്ച ജഡ്ജിമാരുടെ കത്ത്. സുപ്രീംകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍, ഡല്‍ഹി ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് എ.പി. ഷാ എന്നിവരാണ് ഇരുവര്‍ക്കും കത്തയച്ചത്.

🙏 ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരടക്കം ഏഴു ജീവനക്കാരെകൂടി മോചിപ്പിച്ചു. ഇറാനിലെ ഇന്ത്യന്‍ എംബസി മോചനം സ്ഥിരീകരിച്ചു. ഇന്നലെ വൈകീട്ടോടെ ഇവര്‍ ഇറാനില്‍നിന്നും പുറപ്പെട്ടെന്നാണ് വിവരം. എന്നാല്‍ അഞ്ചുപേരുടെ പേരുവിവരം ഇറാനോ ഇന്ത്യന്‍ എംബസിയോ പുറത്തുവിട്ടിട്ടില്ല.

🙏 ശിവകാശി പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് വിവരം. ഏഴുപേര്‍ക്ക് പരിക്കേററ്റിട്ടുണ്ട്. അതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എല്ലാവരും തന്നെ പടക്ക നിര്‍മ്മാണശാലയിലെ തൊഴിലാളികളാണ് എന്നാണ് റിപ്പോര്‍ട്ട്.

🙏പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിലെ പരാതിക്കാരി ബലാത്സംഗ ആരോപണം നിഷേധിച്ചു. ശൂന്യമായ വെള്ളക്കടലാസില്‍
തന്നെകൊണ്ട് ഒപ്പിടിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ബിജെപിയുമായി ബന്ധമുള്ളവരാണ് തന്നില്‍ നിന്ന് ഒപ്പിട്ടുവാങ്ങിയതെന്നും പരാതിക്കാരി പറഞ്ഞു.

🙏 ഹരിയാന ബിജെപി സര്‍ക്കാരിന്റെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പിന്നാലെ
ഗവര്‍ണറെ കാണാന്‍ സമയം തേടി കോണ്‍ഗ്രസ് നേതാക്കള്‍ . ജെജെപി എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ നായബ് സിംഗ് സയിനി സര്‍ക്കാര്‍ ന്യൂനപക്ഷ സര്‍ക്കാരായെന്നും, ഉടന്‍ രാജിവയ്ക്കണമെന്നും
കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് ഉത്തരവ് പറയാനിരിക്കെ, കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കരുതെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഇ ഡി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

🙏 കര്‍ഷകസമരത്തില്‍ പങ്കെടുക്കവെ പഞ്ചാബ് അതിര്‍ത്തിയില്‍ വനിതാ കര്‍ഷക മരിച്ചു. 22 ദിവസമായി ഖനൌരിയില്‍ തുടരുന്ന ട്രെയിന്‍ തടയല്‍ സമരത്തിനിടെയാണ് സുഖ്മിന്ദര്‍ കൗര്‍ എന്ന കര്‍ഷക കുഴഞ്ഞുവീണ് മരിച്ചത്.

🙏 ഗവര്‍ണര്‍ സി വി ആനന്ദബോസിനെതിരെ ലൈംഗികാരോപണം
ഉന്നയിച്ചതിന് പിന്നാലെ, പശ്ചിമ ബംഗാള്‍ രാജ്ഭവനില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രാജ്ഭവന്റെ നിര്‍ദേശം. നിലവില്‍ ഉള്ള 40 താല്‍ക്കാലിക ജീവനക്കാര്‍ എന്ത് ജോലി ചെയ്യുന്നു, എത്രകാലമായി രാജ്ഭവനിലുണ്ടെന്നത് അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

🇦🇽 അന്തർദേശീയം 🇦🇴

🙏 വിദ്യാര്‍ഥി വിസാനിയമം കര്‍ശനമാക്കി ഓസ്ട്രേലിയ. രാജ്യത്ത് പ്രവേശിക്കുന്നതിന് വിദ്യാര്‍ഥികള്‍ അവരുടെ സേവിങ്സ് ആയി കാണിക്കേണ്ട തുക വീണ്ടും ഉയര്‍ത്തി ഓസ്ട്രേലിയ. 2024 മെയ് 10 മുതല്‍ 29,710 ഓസ്ട്രേലിയന്‍ ഡോളര്‍ അഥവാ 16,29,964 രൂപ അക്കൗണ്ടില്‍ കാണിക്കേണ്ടിവരും. ഏഴു മാസത്തിനിടയില്‍ രണ്ടാം തവണയാണ് വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഓസ്‌ട്രേലിയ ഉയര്‍ത്തുന്നത്. നേരത്തെ 11.5 ലക്ഷമായിരുന്ന തുക കഴിഞ്ഞ ഒക്ടോബറിലാണ് 13.5 ലക്ഷമായി ഉയര്‍ത്തിയത്.

🙏 മായം കലര്‍ന്ന 400 ലധികം ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. 2019 നും 2024 നും ഇടയില്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കള്‍ മായം കലര്‍ന്നതിനെ തുടര്‍ന്നാണ് നിരോധിച്ചത്. ഏകദേശം 527 ഉല്‍പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന എഥിലീന്‍ ഓക്സൈഡ് രാസവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ചിലതില്‍ വൃക്കകളുടെയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും പ്രധാന കാരണമാകുന്ന മെര്‍ക്കുറി, കാഡ്മിയം തുടങ്ങിയ ലോഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

🙏 ഖലിസ്താന്‍ വിഘടനവാദിനേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ മൂന്ന് ഇന്ത്യന്‍പൗരന്മാരെ അറസ്റ്റുചെയ്ത നടപടിയില്‍ കാനഡക്ക് രാഷ്ട്രീയതാത്പര്യങ്ങളുണ്ടെന്നും കാനഡ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും രാഷ്ട്രീയ ഇടം നല്‍കുന്നുവെന്നും ഇന്ത്യ വിമര്‍ശിച്ചു. നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രസക്തമായ തെളിവോ വിവരമോ കാനഡ ഇതുവരെ കൈമാറിയിട്ടില്ല.

🙏 അന്താരാഷ്ട്ര ഗുസ്തി സംഘടന ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഈവര്‍ഷം അവസാനംവരെ വിലക്ക് നിലനില്‍ക്കും. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വിധേയനാകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് നേരത്തേ നാഡ ബജ്‌റംഗിനെ താത്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് അന്താരാഷ്ട്ര ഗുസ്തി സംഘടനയുടെ വിലക്ക് വന്നത്.

🏏 കായികം 🏏

🙏 ബംഗ്ലാദേശിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. ഇന്നലെ നടന്ന അവസാന മത്സരത്തില്‍ 21 റണ്‍സിന്റെ വിജയം കരസ്ഥമാക്കിയ ഇന്ത്യ അഞ്ച് മത്സരങ്ങളും വിജയിച്ച് പരമ്പര തൂത്തുവാരി.

🙏 ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 60 റണ്‍സിന്റെ കൂറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 47 പന്തില്‍ 92 റണ്‍സെടുത്ത വിരാട് കോലിയുടേയും 23 പന്തില്‍ 55 റണ്‍സെടുത്ത രജത് പട്ടിദാറിന്റേയും 27 പന്തില്‍ 46 റണ്‍സെടുത്ത കാമറോണ്‍ ഗ്രീനിന്റേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സെടുത്തു.

🙏മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 17 ഓവറില്‍ 181ന് എല്ലാവരും പുറത്തായി. ഇതോടെ12 കളികളില്‍ നിന്ന് 8 പോയിന്റുമായി പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ് പഞ്ചാബ്. 12 കളികളില്‍ നിന്ന് 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബാംഗ്ലൂര്‍

Advertisement