ജെസ്‌നയുടെ തിരോധാനം, തുടരന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി

Advertisement

പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജെസ്‌നയുടെ തിരോധാനക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പുറപ്പെടുവിക്കുക. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട ചില ചിത്രങ്ങള്‍ മുദ്രവെച്ച കവറില്‍ ജെസ്‌നയുടെ പിതാവ് ജെയിംസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഇക്കാര്യം സിബിഐ അന്വേഷിച്ചിരുന്നോ എന്ന് കോടതി പരിശോധിക്കും. കേസ് ഡയറി കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവ കൂടി ഒത്തുനോക്കിയ ശേഷമാണ് കോടതി വിധി പുറപ്പെടുവിക്കുക. ജെസ്‌ന തിരോധാനവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തിയിരുന്നുവെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
5 വർഷം മുൻപ് കാണാതായ ജെസ്ന മരിയയ്ക്ക് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ വ്യക്തമാക്കിയിരുന്നത്. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്നും സിബിഐ കണ്ടെത്താത്ത കാര്യങ്ങൾ താൻ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നുമാണ് ജെസ്നയുടെ പിതാവ് ജയിംസിന്റെ വാദം.
മകള്‍ ജീവിച്ചിരിപ്പില്ലെന്നും തന്റെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്നും അച്ഛന്‍ ജയിംസ് പറയുന്നു. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയിരുന്നതായും സൂചിപ്പിച്ചിരുന്നു. തെളിവുകള്‍ നല്‍കിയാല്‍ അന്വേഷിക്കാമെന്ന് സിബിഐയും വ്യക്തമാക്കിയിരുന്നു. ജസ്‌നയെ 2018 മാര്‍ച്ച് 22 ന് കാണാായത്.