കൊല്ലം: ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ അതിദാരുണമായി കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ ഓര്‍മകള്‍ക്ക് ഇന്ന് ഒരാണ്ട്. മകളുടെ വേര്‍പാട് തളര്‍ത്തുന്നുണ്ടെങ്കിലും ഘാതകന് പരമാവധി ശിക്ഷ ലഭിക്കണമെന്ന പ്രാര്‍ഥനയിലാണ് മാതാപിതാക്കളായ കോട്ടയം മുട്ടുച്ചിറ നമ്പിച്ചിറക്കാലായില്‍ കെ.ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും. തങ്ങളുടെ ഏകമളുടെ ഓര്‍മയ്ക്ക് ഒരു വര്‍ഷം തികയുമ്പോഴും മാതാപിതാക്കള്‍ നിയമപോരാട്ടത്തിലാണ്. സി.ബി.ഐ അന്വേഷണത്തിനുള്ള അപ്പീല്‍ ഹൈക്കോടതി തള്ളിയതിനാല്‍ മേല്‍ക്കോടതികളെ സമീപിക്കാനുള്ള ഒരുക്കത്തിലാണിവര്‍.
2023 മെയ് 10നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുന്നതിനിടെ പൊലിസ് വൈദ്യപരിശോധനയ്ക്കെത്തിച്ച കുടവട്ടൂര്‍ ശ്രീനിലയത്തില്‍ സന്ദീപിന്റെ കുത്തേറ്റ് ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ടത്. കൊല്ലം അസീസിയ മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് പഠനത്തിനുശേഷമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി സേവന മനുഷ്ടിക്കനെത്തിയത്.
അയല്‍വാസികളുമായി ഉണ്ടായ വഴക്കിനിടെ പരുക്കേറ്റ സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായി പൊലിസ് സംഘം കസ്റ്റഡിയില്‍ എടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സന്ദീപിന്റെ മുറിവ് തുന്നിക്കെട്ടുന്നതിന് നേതൃത്വം നല്‍കിയത് ഡോ. വന്ദനാ ദാസായിരുന്നു. ഇതിനിടെ അക്രമാസക്തനായ സന്ദീപ് സമീപത്ത് നിന്ന പൊലിസുകാര്‍ അടക്കമുള്ളവരെ കത്രിക കൊണ്ട് ആക്രമിക്കുകയായിരുന്നു. പലരും പ്രാണരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഒറ്റപ്പെട്ടു പോയ വന്ദനയെ പ്രതി നിലത്ത് ചവിട്ടി വീഴ്ത്തി കത്രിക ഉപയോഗിച്ച് നിരവധി കുത്തുകയായിരുന്നു. പൊലിസുകാര്‍ അടക്കമുള്ളവര്‍ക്ക് നിസഹായരായി നോക്കി നില്‍ക്കേണ്ടി വന്നു.
ഗുരുതരമായി പരുക്കേറ്റ വന്ദനയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രാവിലെ 8.25 ന് വന്ദനദാസ് മരണത്തിന് കീഴടങ്ങി. ലോക മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവമായി മാറി ഈ ദാരുണ കൊലപാതകം.
വന്ദനാ ദാസിന്റെ കൊലപാതകത്തിന് പിന്നാലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായ ആക്രമണം തടയുന്ന കേരള ഹെല്‍ത്ത്‌കെയര്‍ സര്‍വിസ് പഴ്‌സന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് (പ്രിവന്‍ഷന്‍ ഓഫ് വയലന്‍സ് ആന്‍ഡ് ഡാമേജ് ടു പ്രോപ്പര്‍ട്ടി) ഭേദഗതി ബില്‍ നിയമസഭ പാസാക്കുകയും ചെയ്തു. ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല എം.ബി.ബി.എസ് നല്‍കിയിരുന്നു.