സമരം പിൻവലിച്ചെങ്കിലും കരിപ്പൂർ, നെടുമ്പാശ്ശേരി, കണ്ണൂർ നിന്നുള്ള എയർ ഇന്ത്യ സർവീസുകൾ ഇന്നും മുടങ്ങി

Advertisement

കൊച്ചി:എയർ ഇന്ത്യ എക്‌സ്പ്രസിലെ സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ച് തുടങ്ങി. അവധിയെടുത്ത ജീവനക്കാർ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകി ജോലിക്ക് കയറിയതോടെ സർവീസുകളുടെ ക്രമീകരണങ്ങൾ ആരംഭിച്ചു. രണ്ട് ദിവസത്തിനകം സർവീസുകൾ സാധാരണ നിലയിലായി തുടരും.

ഇന്നലെ ഡൽഹി റീജ്യണൽ ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകിയിരുന്നു. 25 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനവും പിൻവലിക്കും. അതേസമയം കരിപ്പൂർ, നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ ഇന്നും മുടങ്ങി.

കണ്ണൂരിൽ പുലർച്ചെ മുതലുള്ള അഞ്ച് വിമാനങ്ങൾ റദ്ദാക്കി. ഷാർജ, ദമാം, ദുബൈ, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ രണ്ട് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം, 8.50ന് പുറപ്പെടേണ്ട മസ്‌കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.

കരിപ്പൂരിൽ നിന്നും ആറ് സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ, ദുബൈ, കുവൈറ്റ്, ദോഹ, ബഹ്‌റൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. പുലർച്ചെ ദമാം, മസ്‌കറ്റ് സർവീസുകൾ പുറപ്പെട്ടിരുന്നു.

Advertisement