എറണാകുളത്ത് കെഎസ്ആർടിസി ബസ്സുകളും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. മലപ്പുറത്തും കോഴിക്കോടും ബൈക്ക് അപകടത്തിൽ ഓരോരുത്തർക്കും ജീവൻ നഷ്ടമായി.കുന്നംകുളം കുറുക്കൻ പാറയിൽ കെഎസ്ആർടിസി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. 15 പേർക്ക് പരിക്കേറ്റു.
രാവിലെ ആറുമണിയോടെ എറണാകുളം വെെറ്റില ചക്കരപ്പറമ്പില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങുകയായിരുന്നു. അപകടത്തിൽ രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. കോഴിക്കോട് നിയന്ത്രണം വിട്ട് ബൈക്ക് വീട്ടിലേക്ക് ഇടിച്ചു കയറി ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. വെസ്റ്റ്ഹിൽ ഗവ സ്റ്റേഷനറി ഗോഡൗണിന് സമീപം ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. നോർത്ത് ചെല്ലാനം സ്വദേശി അനുരൂപ് MS ആണ് മരിച്ചത്. തലയോലപ്പറമ്പ് സ്വദേശി ഇജാസ് ഇഖ്ബാൽ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ട് പേരും വെസ്റ്റ്ഹിൽ എഞ്ചിനിയറിംങ് കോളജ് വിദ്യാർത്ഥികളാണ്. മലപ്പുറം മഞ്ചേരി കാരാപറമ്പിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന അരീക്കോട് ചക്കിങ്ങൽ സ്വദേശി നിയാസ് ചോലക്കൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് ഗുരുവായൂരിൽ നിന്നും കുന്നംകുളം വഴി കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് കുറുക്കൻ പാറയിൽ അപകടത്തിൽപ്പെട്ടത്. എതിർ ദിശയിൽ വരികയായിരുന്ന ടോറസ് ലോറിയിൽ ബസ് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജ്, കുന്നംകുളം മലങ്കര, താലൂക്ക്, ദയ റോയൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ടോറസ് ലോറിയിൽ ഇരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു . അപകടത്തെ തുടർന്ന് കുന്നംകുളം അഗ്നി രക്ഷാസേന സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ടോറസ് ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കുന്നംകുളം പോലീസും സ്ഥലത്തെത്തിയിരുന്നു