75 കാരനായ കിടപ്പു രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നു

Advertisement

കൊച്ചി:
ഏരൂർ വൈമേതിയിൽ വാടകവീട്ടിൽ കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ സ്ഥലം വിട്ടു. 75 വയസ്സുള്ള ഷണ്മുഖനെയാണ് മകൻ അജിത്ത് വാടകവീട്ടിൽ ആരോടും പറയാതെ ഉപേക്ഷിച്ചു പോയത്. അച്ഛനെ മകൻ ഉപേക്ഷിച്ച സംഭവം പുറത്ത് വന്നതോടെ തൃപ്പുണിത്തുറ നഗരസഭാ വൈസ് ചെയർമാന്റെ നേതൃത്വത്തിൽ ഷണ്മുഖനെ ആശുപത്രിയിലേക്ക് മാറ്റി. മകൻ അജിത്തിനെതിരെ കേസെടുക്കുമെന്ന് തൃപ്പൂണിത്തറ എസ് ഐപറഞ്ഞു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ കളക്ടറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്

വീട്ടുസാധനങ്ങൾ എടുക്കാൻ മറക്കാതിരുന്ന മകൻ ചലനശേഷി പോലും ഇല്ലാത്ത സ്വന്തം അച്ഛനെ വീട്ടിൽ ഉപേക്ഷിച്ചു പോയി എന്ന് പിതാവ് പറയുന്നു. 24 മണിക്കൂറാണ് ഷണ്മുഖൻ എന്ന ഈ വൃദ്ധൻ ഭക്ഷണമോ ഒരു തുള്ളി വെള്ളമോ കിട്ടാതെ മകൻ ഉപേക്ഷിച്ചു പോയ വീട്ടിലെ കട്ടിലിൽ കിടന്നത്. വീട് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടു ഉടമസ്ഥൻ പരിശോധന നടത്തിയില്ലായിരുന്നുവെങ്കിൽ ഷണ്മുഖൻ ഈ വീട്ടിൽ ഉണ്ടായിരുന്നു, എന്നുപോലും ആരും അറിയില്ലായിരുന്നു.
ഷണ്മുഖന്റെ ദുരവസ്ഥ വാർത്തയായതിന് പിന്നാലെ നഗരസഭാ വൈസ് ചെയർമാൻ ആദ്യ ഇടപെടൽ നടത്തി. ഷണ്മുഖനെ ഉപേക്ഷിച്ച മകൻ അജിത്തിനെതിരെ പോലീസിൽ പരാതി നൽകുമെന്നും വൈസ് ചെയർമാൻ.
തൊട്ടുപിന്നാലെ നഗരസഭയിൽ നിന്ന് പാലിയേറ്റീവ് പ്രവർത്തകർ വീട്ടിലെത്തി. ദിവസങ്ങളായി ഡയപ്പറും മൂത്രസഞ്ചിയും ഒന്നും വൃത്തിയാക്കാതെ കിടന്നിരുന്ന ഷണ്മുഖനെ വൃത്തിയാക്കി. തുടർന്ന് സ്ട്രക്ചറിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ എറണാകുളം ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കിടപ്പ് രോഗിയായ അച്ഛനെ ഉപേക്ഷിച്ച മകനെതിരെ കേസെടുക്കുമെന്ന് തൃപ്പൂണിത്തുറ എസ്ഐയും പറഞ്ഞു.
ആശുപത്രിയിൽ ഷണ്മുഖന് എല്ലാവിധ ചികിത്സയും ഒരുക്കിയിട്ടുണ്ടെന്ന് നഗരസഭാ വൈസ് ചെയർമാൻ വ്യക്തമാക്കി. മൂന്നു മക്കളുള്ള ഷണ്മുഖൻ ആരോഗ്യ പ്രവർത്തകരുടെ കരുതലിൽ ജീവിതത്തിലേക്ക് തിരിച്ചുവരും അപ്പോഴും അച്ഛനെ ഏറ്റെടുക്കാൻ മക്കളിൽ ആരെങ്കിലും തയ്യാറാകുമോ എന്നാണ് ഇനി അറിയേണ്ടത്

Advertisement