ആലപ്പുഴ.കായംകുളത്ത് വീണ്ടും കാറിന്റെ വാതിൽ തുറന്നിട്ട് യുവാക്കളുടെ അഭ്യാസ യാത്ര. അപകടകരമായി സഞ്ചരിച്ച സംഘത്തെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ കസ്റ്റഡിയിലെടുത്തു. കായംകുളത്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയ മൂന്നു സംഭവങ്ങളിലും പോലീസും മോട്ടോർ വാഹന വകുപ്പും നടപടി എടുത്തിരുന്നു
കായംകുളം- പുനലൂർ റോഡിൽ കറ്റാനം കോയിക്കൽ ജംഗ്ഷനിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരക്കാണ് വിവാഹത്തിന് പോയി മടങ്ങിവന്ന സംഘം സാഹസിക യാത്ര നടത്തിയത്. കാറിന്റെ പിന്നാലെ യാത്ര ചെയ്തവർ അപകടകരമായ യാത്രയുടെ വീഡിയോ പകർത്തി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന് അയച്ചുകൊടുത്തതോടെയാണ് കാർ യാത്ര സംഘത്തെ പിടികൂടാൻ മൂന്നു സ്ക്വാഡുകൾ രംഗത്തിറങ്ങിയത്. ഇന്നലെ രാത്രി ഏഴരയോടെ ഓച്ചിറയിൽ നിന്നാണ് സംഘത്തെ പിടികൂടിയത്. ഓച്ചിറ സ്വദേശി മർഫിൻ ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച കാറാണ് കസ്റ്റഡിയിലെടുത്ത് കായംകുളം സബ് ആർടിഒ ഓഫീസിൽ എത്തിച്ചത്. ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്നവരുടെ പേരിൽ കേസടുത്ത ശേഷം ആവശ്യപ്പെടുന്ന സമയത്ത് എത്തണമെന്ന വ്യവസ്ഥയിൽ വിട്ടയച്ചു. ചൂനാട് വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരും വഴി കോയിക്കൽ ജംഗ്ഷനിൽ എത്തിയപ്പോഴാണ് കാറിന്റെ ഡോർ തുറന്ന് അതിനുമുകളിൽ നിന്ന് യാത്ര ചെയ്തതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞയാഴ്ച സമാനമായ രീതിയിൽ ഒരു സംഘം ഡോർ തുറന്നു വച്ച് യാത്ര ചെയ്ത സംഭവം നൂറനാട് ഉണ്ടായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനം ചെയ്യിപ്പിച്ചിരുന്നു.