തിരുവനന്തപുരം . ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 112 വിദ്യാര്‍ത്ഥികളുടെ പരീക്ഷ റദ്ദാക്കി. വിദ്യാര്‍ത്ഥികളുടെ മാപ്പപേക്ഷ പരിഗണിച്ച് സേ പരീക്ഷയില്‍ ഇവര്‍ക്ക് അവസരം നല്‍കും. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ക്ക് എതിരെയും അച്ചടക്ക നടപടി ഉണ്ടാകും
ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. പരീക്ഷകള്‍ നിയന്ത്രിക്കുന്നതിനായി എല്ലാ സ്‌കൂളുകളിലും പരീക്ഷാ സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിരുന്നു. ഈ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ 112 വിദ്യാര്‍ത്ഥികള്‍ കോപ്പിയടിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് ഈ വിദ്യാര്‍ത്ഥികള്‍ക്കായി ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ പ്രത്യേക ഹിയറിങ് നടത്തി. കോപ്പിയടി സ്ഥിരീകരിച്ചതോടെ പരീക്ഷകള്‍ റദ്ദാക്കുകയായിരുന്നു. കടുത്ത അച്ചടക്ക നടപടികള്‍ വേണ്ടെന്നും കുട്ടികളുടെ പ്രായവും ഭാവിയും പരിഗണിച്ച് ഒരു അവസരം കൂടി നല്‍കാമെന്നും തീരുമാനിച്ചു. അടുത്തമാസം നടക്കുന്ന സേ പരീക്ഷ കുട്ടികള്‍ക്ക് എഴുതാന്‍ അവസരം നല്‍കി. ഇതിനുവേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരോട് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചു. പരീക്ഷ ഹാളില്‍ ഡ്യൂട്ടി ഉണ്ടായിരുന്നു അധ്യാപകര്‍ക്ക് വീഴ്ച ഉണ്ടായി എന്നും ഹയര്‍സെക്കന്‍ഡറി വിഭാഗം വിലയിരുത്തി. ഇവര്‍ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും.