കാർ ചെളിയിൽ പുതഞ്ഞു; ചികിത്സ കിട്ടാതെ രോഗി മരിച്ചു

Advertisement

വാളാഞ്ചേരി: നെഞ്ചുവേദനയെ തുടർന്ന് രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട കാർ റോഡിലെ ചെളിയില്‍ കുടുങ്ങി രോഗി മരിച്ചു.

കരേക്കാട് നമ്പൂതിരിപ്പടി സ്വദേശി വടക്കേപീടിയേക്കല്‍ സെയ്താലിയാണ് (61) മരിച്ചത്. ഇന്നലെ പുലർച്ചെ നാലോടെ വളാഞ്ചേരി കരേക്കാട് റോഡില്‍ മൂന്നാംകുഴിയിലാണ് സംഭവം.

മൂന്നരയോടെ നെഞ്ചുവേദനയെ തുടർന്ന് സെയ്താലിയെയും കൊണ്ട് ഭാര്യയും രണ്ടുമക്കളും അഞ്ചര കിലോമീറ്റർ അപ്പുറത്തുള്ള നടക്കാവില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു. ആശുപത്രിക്ക് ഒന്നര കിലോമീറ്റർ അകലെ വച്ചാണ് വാഹനം റോഡില്‍ കുടുങ്ങിയത്.

ദേശീയപാത നിർമ്മാണത്തിനായി മണ്ണെടുക്കുന്ന വെള്ളിയാംമല കുന്നില്‍ നിന്നുള്ള മണ്ണും ചളിയും മഴ കാരണം മൂന്നാംകുഴിയിലെ 100 മീറ്ററോളം റോഡില്‍ നിറഞ്ഞിരുന്നു. കാർ ഇവിടെയെത്തിയതോടെ മുന്നോട്ടെടുക്കാനാവാതെ കുടുങ്ങി. അപ്പുറത്ത് ഓട്ടോറിക്ഷ കണ്ട മക്കള്‍ സെയ്താലിയെയും എടുത്ത് ഏറെ പ്രയാസപ്പെട്ട് നടന്ന് ഓട്ടോയില്‍ കയറ്റി. 4.25ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ദീർഘനാളായി നെഞ്ചുവേദനയുടെ മരുന്ന് കഴിക്കുന്നുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉച്ചയ്ക്ക് 12ഓടെ റോഡ് ഗതാഗതയോഗ്യമാക്കി.
മുൻകരുതലില്ലാതെ മണ്ണെടുക്കുന്നത് കാരണം അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാർ പറയുന്നു. വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുന്ന വിവരം രാവിലെ പൊലീസില്‍ അറിയിച്ചിട്ടും അധികൃതർ എത്താൻ വൈകിയതായി നാട്ടുകാർ ആരോപിച്ചു.