ഗുണ്ടകളുടെ സ്വന്തം നാടായി സംസ്ഥാനം, പൊലീസ് നിഷ്ക്രിയമെന്ന് ആക്ഷേപം

Advertisement

തിരുവനന്തപുരം . ക്രിമിനലുകളെ നിരീക്ഷിക്കുന്നതിനുള്ള ക്രൈം മാപ്പിംഗും, കാപ്പ ഉപയോഗിച്ച് കൊടുംക്രിമിനലുകളെ കരുതൽ തടങ്കലിലാക്കുന്നതിലെ രാഷ്ട്രീയ ഇടപെടലും പതിവായതോടെ കേരളം ഗുണ്ടകളുടെ ഇഷ്ടനാടായി വളരുന്നു.

പൊലീസിന്‍റെ നിഷ്ക്രിയ നിലപാടിനൊപ്പം സാദാലഹരിയും രാസലഹരിയും വ്യാപകമാകുന്നതോടെ സംസ്ഥാനം സുരക്ഷിതമല്ലാത്ത നാടുകൂടിയാകുന്നു. സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം വീണ്ടും അനിയന്ത്രിതമാണെന്ന് വ്യക്തമാക്കുന്ന സംഭവങ്ങള്‍ ദിനംപ്രതിയുണ്ടാകുന്നു. ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും ഏഴ് വർഷത്തെ വിവരങ്ങൾ മിക്ക സ്റ്റേഷനുകളിലുമില്ല. സേനയിലെ അംഗബലത്തിൻറെ കുറവും, മറ്റ് ഡ്യൂട്ടികളുടെ തിരക്കുമാണ് ക്രിമിനലുകളെ സംബന്ധിക്കുന്ന വിവരശേഖരണത്തിൽ നിന്ന് പിന്നോട്ടടിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
കരമനയിൽ പട്ടാപ്പകൽ ഗുണ്ടകൾ അഖിലെന്ന 22കാരനെ തല്ലി കൊന്നതാണ് ഏറ്റവും ഒടുവിലത്തെ പൈശാചികത. കൊലയ്ക്ക് പിന്നിലെ മൂന്ന് പ്രതികളും മുമ്പും സമാനമായി കൊല നടത്തി ജാമ്യത്തിനിറങ്ങിയവർ. ക്രിമിനൽ സംഘം നാട്ടിൽ പൂർവാധികം ശക്തിയോടെ വിലസുമ്പോൾ പൊലീസ് കാഴ്ചക്കാരായി.

ബസ് സ്റ്റാൻഡിലിരുന്ന മുൻ പഞ്ചായത്തംഗം ഉൾപ്പടെയുള്ളവരെ ഗുണ്ടകൾ തല്ലിച്ചതച്ച് ആലുവ ചൊവ്വരയിൽ. അച്ഛനും മകനും തമ്മിലുള്ള വഴക്കിൽ ഇടപെട്ട യുവാവിനെ ഗുണ്ടകൾ തല്ലിക്കൊന്നത് തൃശ്ശൂർ ചേർപ്പിൽ.

റോഡിൽ ബൈക്കുവച്ചത് ഇഷ്ടപ്പെടാത്ത ഗുണ്ട യുവാവിനെ കുത്തിക്കൊന്നത് കൊച്ചി തമ്മനത്ത്. ജയിലിറങ്ങിയ ഗുണ്ട സഹപ്രവര്‍ത്തകര്‍ക്ക് പരസ്യമായി പാര്‍ട്ടി നടത്തിയതും റീലിറക്കിയതും തൃശൂരില്‍.
ഇങ്ങനെ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് ചെറുതും വലുതുമായ ഗുണ്ടാ അക്രമങ്ങൾ പലതുണ്ടായി. ചോര കൊണ്ട് സമാധാനം താറുമാറായിട്ടും പൊലീസ് നിഷ്ക്രിയമാണ്. ഗുണ്ടകൾ, തുടർച്ചയായി ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർ, കാപ്പ ചുമത്തി നാടുകടത്തിയവരെ നിരീക്ഷിച്ച് ,കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലം, സന്ദര്‍ഭം എന്നിവ കണ്ടെത്തി ആ സാഹചര്യം വിലയിരുത്തി കുറ്റകൃത്യം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായാണ് പൊലീസ് ക്രൈംമാപ്പിംഗ് നടപ്പിലാക്കിയത്. പക്ഷെ ആ പദ്ധതി പാളിയത് ഉന്നത തലങ്ങളിൽ നിന്നുള്ള സമ്മർദ്ദത്തെ തുടർന്നെന്നാണ് ഉയരുന്ന ആക്ഷേപം.

വ്യവസ്ഥിതിയെയും നിയമത്തെയും തെല്ലും പേടിക്കാതെ യഥേഷ്ടം വിലസാന്‍ സാഹചര്യമൊരുങ്ങുന്നതോടെ ഗുണ്ടകളുടെ പ്രിയ നാടായി കേരളം മാറുകയാണ്. സിനിമകളും സോഷ്യല്‍മീഡിയപ്രമോഷനും രാഷ്ട്രീയ പാര്‍ട്ടികളും മയക്കുമരുന്ന് മാഫിയയും ഇവര്‍ക്ക് തണലൊരുക്കുന്നു.