വാർത്താനോട്ടം

Advertisement

2024 മെയ് 15 ബുധൻ

BREAKING NEWS

👉 രാജസ്ഥാനിൽ ഖനിയിലേക്കുള്ള ലിഫ്റ്റ് തകർന്നുണ്ടായ അപകടം 3 പേരുടെ നില ഗുരുതരം;കുടുങ്ങിപ്പോയവരെ പുറത്തെത്തിച്ചു.

👉 തൃശൂരിലെ ആവേശംമോഡൽ പാർട്ടി: കാപ്പ ചുമത്തപ്പെട്ടവരുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നു.

👉 പന്തീരങ്കാവിലെ രാഹുൽ വിവാഹത്തട്ടിപ്പ് കാരനെന്ന് പെൺകുട്ടിയുടെ അച്ഛൻ, മുഖ്യമന്ത്രിക്ക് പരാതി നൽകി.

🌴കേരളീയം🌴

🙏 സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. രാവിലെ ഒന്‍പതരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം ചേരുക. സിംഗപ്പൂര്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി അവിടെ നിന്ന് ഓണ്‍ലൈന്‍ വഴി പങ്കെടുക്കും.

🙏 സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരത്തിനെതിരായ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഗതാഗത മന്ത്രിയാണ് എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായി ചര്‍ച്ച നടത്തുക. ഇന്ന് മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

🙏 കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. കേരള തീരത്തും, ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

🙏 മില്‍മ തിരുവനന്തപുരം യൂണിയന് കീഴില്‍ തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ തൊഴിലാളികള്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ഇന്ന് ബോര്‍ഡ് യോഗം ചേര്‍ന്ന് തൊഴിലാളികളുടെ ആവശ്യത്തില്‍ തീരുമാനമെടുക്കും.

🙏 കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ നിന്ന് ക്രൂരമായ മര്‍ദനം നേരിട്ടെന്ന് യുവതി. മര്‍ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടാണെന്നും, തലയിലും നെറ്റിയിലും മര്‍ദിച്ചെന്നും, ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു എന്നും യുവതി പറഞ്ഞു.

🙏 കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍, യുവതിയ്ക്ക് വനിത ശിശുവികസന വകുപ്പ് നിയമ സഹായമുള്‍പ്പെടെ നല്‍കി പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അന്വേഷം നടത്താന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

🙏 സംസ്ഥാനത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടരുന്നു. കൂടുതല്‍ പേരിലേക്ക് രോഗമെത്താതിരിക്കാന്‍ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ എടുത്തു കഴിഞ്ഞു . മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കാര്യമായ ശ്രദ്ധ നല്‍കണമെന്നും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം എന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

🙏 ആര്‍എംപി നേതാവ് ഹരിഹരനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍, പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെത്തി. വാഹന ഉടമ തേഞ്ഞിപ്പലം ഒലിപ്രം സ്വദേശി സിബിന്‍ലാലിന്റെ വീട്ടില്‍ നിന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ കാറുപയോഗിച്ച ആളുകളെ കുറിച്ച് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട് .

🙏 പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവല്ല നിരണം ഫാമിലെ താറാവുകളെ കൊന്നൊടുക്കാന്‍ തുടങ്ങി. ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തു പക്ഷികളെ കൊല്ലുന്ന പ്രവൃത്തികള്‍ നാളെ തുടങ്ങും.

🇳🇪 ദേശീയം 🇳🇪

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 3.02 കോടിയുടെ ആസ്തി. തന്റെ ആകെ ആസ്തി 3.02 കോടിയാണെന്നും കൈവശം 52,920 രൂപ പണമായുണ്ടെന്നും അദ്ദേഹം നാമനിര്‍ദേശ പത്രികയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് വീടോ, വാഹനമോ, ഏതെങ്കിലും കമ്പനിയില്‍ ഓഹരിയോ സ്വന്തമായി ഇല്ലെന്നും അദ്ദേഹം പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

🙏 നരേന്ദ്രമോദിയും ആര്‍എസ്എസും എന്നല്ല ലോകത്തിലെ ഒരു ശക്തിയെയും രാജ്യത്തെ ഭരണഘടന തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. ചരിത്രത്തിലാദ്യമായി ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം ആവുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

🙏 എച്ച് ഡി രേവണ്ണ ജയില്‍ മോചിതനായി. ജനപ്രതിനിധികളുടെ കേസുകള്‍ കേള്‍ക്കുന്ന കോടതി രേവണ്ണയ്ക്ക് കര്‍ശന ഉപാധികളുടെ ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ ദിവസം രേവണ്ണയ്ക്കെതിരെ പരാതി നല്‍കിയ സ്ത്രീ തന്റെ മൊഴി മാറ്റിയിരുന്നു.

🙏 ദില്ലിയിലെ ആദായ നികുതി ഓഫീസില്‍ തീപിടുത്തം. ഐടിഒ ഏരിയയിലെ ഇന്‍കം ടാക്സ് സി.ആര്‍ ബില്‍ഡിങില്‍ വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. ആളപയാമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

🙏 കോയമ്പത്തൂരില്‍ 26 പുള്ളിമാനുകളെ ബോലുവംപെട്ടി വനത്തിലേക്ക് തുറന്നുവിട്ട് തമിഴ്നാട് വനം വകുപ്പ്. വിഒസി മൃഗശാലയില്‍ ആണ് ഇത്രയും നാള്‍ മാനുകളെ പാര്‍പ്പിച്ചിരുന്നത്. 10 ആണ്‍ മാനുകളെയും 11 പെണ്‍ മാനുകളെയും അഞ്ച് മാന്‍ കുഞ്ഞുങ്ങളെയുമാണ് ശിരുവാണി താഴ്വരയിലെ കാട്ടിലേക്ക് തുറന്നുവിട്ടത് .

🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന രാജ്യസഭാംഗം സ്വാതി മാലിവാള്‍ ഉന്നയിച്ച ആരോപണം ശരിവെച്ച് ആം ആദ്മി പാര്‍ട്ടി. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങാണ് ആരോപണം ശരിവച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

🇦🇺 അന്തർദേശീയം 🇦🇽

🙏 ഉപരോധത്തിലുള്ള ഇറാനുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് ഉപരോധമേര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ വിദേശകാര്യ ഉപവക്താവ് വേദാന്ത് പട്ടേല്‍. ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ച ശേഷമാണ് അമേരിക്കയുടെ ഈ മുന്നറിയിപ്പ്.

🏏 കായികം 🏏

🙏 ഐപിഎല്ലില്‍ ലഖ്‌നൗവ് ജയന്റ്സിന് ഡല്‍ഹി കാപ്പിറ്റല്‍സിനെതിരെ 19 റണ്‍സിന്റെ തോല്‍വി. ആദ്യം ബാറ്റിംഗിനെത്തിയ ഡല്‍ഹി 58 റണ്‍സെടുത്ത അഭിഷേഖ് പോറലിന്റേയും 57 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സിന്റേയും മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 208 ണ്‍സാണ് നേടിയത്.

🙏 മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ 27 പന്തില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പുരാന്റേയും 33 പന്തില്‍ 58 റണ്‍സെടുത്ത അര്‍ഷദ് ഖാന്റേയും മികവില്‍ പൊരുതിയെങ്കിലും ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഡല്‍ഹി 14 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

🙏 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് ഉറപ്പിച്ചു. ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ്, ഡല്‍ഹി കാപിറ്റല്‍സിനെതിരെ പരാജയപ്പെട്ടതോടെയാണ് രാജസ്ഥാന് പ്ലേ ഓഫ് സ്ഥാനം ഉറപ്പായത്. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള രാജസ്ഥാന്‍ 12 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി നിലവലില്‍ രണ്ടാം സ്ഥാനത്താണ്.

🙏ആദ്യ നാലിന് പുറത്തുള്ള ഒരു ടീമിനും ഇനി 16 പോയിന്റിലെത്താന്‍ സാധിക്കില്ല. മൂന്നാം സ്ഥാനത്തുള്ള 13 മത്സരങ്ങള്‍ കളിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിന് 14 പോയിന്റുണ്ട്. നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന് രണ്ട് മത്സരം ശേഷിക്കെ 14 പോയിന്റാണുള്ളത്.