ഗുണ്ടാവിളയാട്ടം, കതിരില്‍ വളംവയ്ക്കാന്‍ പൊലീസ്

Advertisement

തിരുവനന്തപുരം .സംസ്ഥാനത്തെ അതിരൂക്ഷമായ ഗുണ്ടാ വിളയാട്ടത്തിനെതിരെ സംസ്ഥാന വ്യാപക പരിശോധനയുമായി പോലീസ് രംഗത്ത്. ഇന്ന് പുലർച്ചെ മുതലാണ് പരിശോധന ആരംഭിച്ചത്

സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. തിരുവനന്തപുരം സിറ്റി,റൂറൽ ഡിവിഷനുകളിൽ വ്യാപക പരിശോധന നടക്കുകയാണ്. ഗുണ്ടകളുടെ വീടുകളും പതിവ് സന്ദര്‍ശന സ്ഥലങ്ങളും ലക്ഷ്യമിട്ടാണ് പരിപാടി. കൊല്ലത്തും ഓപ്പറേഷൻ ആഗ്. കൊല്ലം സിറ്റി , റൂറൽ മേഖലകളിലാണ് പരിശോധന. എ ഡിജിപി യുടെ നിർദ്ദേശാനുസരണമാണ് പരിശോധന നടക്കുന്നത്. പുലർച്ചെ തുടങ്ങിയ പരിശോധന തുടരുകയാണ്.

അതിനിടെ തലസ്ഥാനത്ത്ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ലഹരിസംഘം ഇന്നലെയും അഴിഞ്ഞാടി.വെള്ളറട കണ്ണനൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം.

അമ്ബൂരി സ്വദേശിയായ പാസ്റ്റര്‍ അരുളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചു. പാസ്റ്ററുടെ വീടാക്രമിച്ച സംഘം ബൈക്കും തകർത്തു. അക്രമത്തിന് പിന്നില്‍ പിന്നില്‍ ലഹരി സംഘമെന്നാണ് ആരോപണം.

രാത്രി പത്തു മണിക്ക് വിളിച്ച്‌ കാര്യമറിയിച്ചിട്ടും പോലീസ് എത്തിയത് ഒന്നരമണിക്കൂറിനുശേഷമാണെന്നാണ് ആരോപണം. അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

വെള്ളറടയില്‍ നടുറോഡിലാണ് മോഷണ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. കണ്‍സ്യൂമർഫെഡ് ജീവനക്കാരിയെ ഉള്‍പ്പെടെ നടുറോഡില്‍ ആക്രമിക്കുകയായിരുന്നു. ഇവരില്‍ നിന്ന് പണം അപഹരിക്കുകയും ചെയ്തു. ഇവരുടെ ഭർത്താവിനും മർദ്ദനമേറ്റു. ഇന്നലെ രാത്രിയാണ് സംഭവം.

പൊലീസിന്‍റെയും നിയമസംവിധാനങ്ങളുടെയും കണ്ണടക്കുകളിലൂടെയും അനാസ്ഥയിലൂടെയും വളര്‍ന്നു കയറിയ ഗുണ്ടാ പട ഇപ്പോള്‍ പൊലീസിന്‍റെ നിയന്ത്രണപരിധിക്ക് പുറത്താണ്. ആരെയും വഴിയില്‍ തടഞ്ഞും വീടുകയറിയും ആക്രമിക്കാമെന്നും ഉള്ള ചങ്കൂറ്റമാണ് പലരുടെയും കൈമുതല്‍. ലഹരി വില്‍പ്പനയാണ് മുഖ്യവരുമാനമാര്‍ഗം. ലഹരിക്ക് അടിമയായവരെ എതിര്‍ക്കാന്‍ ജനം ഭയക്കുന്നതും പൊലീസ് ഇവരെ അവഗണിക്കുന്നതും പ്രശ്നമാണ്. പൊലീസിന്‍റെ നിയന്ത്രണമുള്ള രാഷ്ട്രീയ മേലാക്കന്മാരോടുമാത്രമാണ് വിധേയത്വം. സംസ്ഥാന വ്യാപകമായി ഒരു മാഫിയാ ശൃംഖല വളര്‍ന്നു ചുറ്റിയിട്ടുണ്ട്. പൊലീസിന് ഇവരെ നേരിടാനുള്ള ആത്മവിശ്വാസമുണ്ടോ എന്നതാണ് മുഖ്യ ചോദ്യം