കേസില്‍ നടപടി വൈകിയതിനിടെ, പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാജ്യംവിട്ടു

Advertisement

കൊച്ചി.പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതി രാജ്യംവിട്ടു. രാഹുൽ പി ഗോപാൽ ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. അതിനിടെ അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണം നേരിട്ട പന്തീരങ്കാവ് എസ്എച്ച്ഒ യെ സസ്പെൻഡ് ചെയ്തു.
പൊലീസിന്റെ ഒത്താശയോടെയാണ് രാഹുൽ രക്ഷപ്പെട്ടതെന്ന് നവവധുവിന്റെ കുടുംബവും ആരോപിച്ചിരുന്നു.നവവധുവിൻ്റെ മൊഴി അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി.

വിവാഹം കഴിഞ്ഞ് ഏഴാം ദിവസം യുവതിയെ ക്രൂരമായി തല്ലിച്ചതച്ച ഭർത്താവിനാണ് പൊലീസിൻ്റെ ഒത്താശ .മാധ്യമ വിമർശനം ശക്തമായപ്പോൾ പൊലീസ് നടപടി ആരംഭിച്ചു. അപ്പോഴേക്കും പ്രതി രാഹുൽ പി ഗോപാൽ ബെംഗളൂരു വഴി സിംഗപ്പൂരിലേക്ക് കടന്നുകളഞ്ഞിരുന്നു..
മർദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനിൽ എത്തിയത് ഈ മാസം 12 ന്. ഡോക്‌ടറുടെ സർട്ടിഫിക്കറ്റ് വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടതോടെ, യുവതി ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്‌ധ ചികിത്സ വേണമെന്നും ഡോക്‌ടറുടെ കുറിപ്പടി. എന്നിട്ടും വധശ്രമത്തിന് കേസെടുക്കാൻ പോലീസ് തയ്യാറായില്ല. ഈ വീഴ്ച ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പന്തീരാങ്കാവ് എസ്എച്ച്ഒ എ.എസ് സരിനെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരമേഖല ഐ.ജി കെ സേതുരാമൻ ഉത്തരവിറക്കിയത്. സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. തീരുമാനത്തിൽ സന്തോഷമെന്നും തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ സത്യമെന്നു തെളിഞ്ഞതായും നവവധുവിന്റെ പിതാവ്.

അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനുള്ള തീരുമാനം. ഫറോക്ക് എസിപി സാജു കെ എബ്രഹാമിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു. യുവതിയുടെ മൊഴി സംഘം വീട്ടിലെത്തി രേഖപ്പെടുത്തി. രാഹുലിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. വിഷയത്തിൽ ഇടപ്പെട്ട ദേശീയ മനുഷ്യാവകാശ കമ്മീഷൻ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഡിജിപിയോട് ആവശ്യപ്പെട്ടു.