ഇടുക്കി. അരിക്കൊമ്പൻ വിദഗ്ധസമിതി റിപ്പോർട്ടിനെതിരെ ചിന്നക്കനാൽ, മൂന്നാർ മേഖലകളിൽ പ്രതിഷേധം ശക്തമാകുന്നു. റിപ്പോർട്ടിലെ പരാമർശങ്ങൾ പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. ജന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന റിപ്പോർട്ടിനെതിരെ പഞ്ചായത്ത് ഹൈക്കോടതിയെയും സമീപിക്കും.
അരിക്കൊമ്പനെ ചിന്നക്കനാലിൽ മാറ്റുന്നതിനൊപ്പം മനുഷ്യ വന്യജീവി സംഘർഷം കുറക്കുന്നതിനുള്ള ശുപാർശകൾ സമർപ്പിക്കാനും സമിതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കാട്ടാനകളുടെ സുഗമമായ സഞ്ചാരത്തിനായി ആനയിറങ്കൽ മുതൽ ഓൾഡ് ദേവികുളം വരെ ഇടനാഴിയുണ്ടാക്കണമെന്നാണ് പ്രധാന ശുപാർശ. 301, 80 ഏക്കർ എന്നീ ആദിവാസി കോളിനകളിലുള്ളവരെ സ്വമേധയ മാറ്റിപ്പാർപ്പിക്കാനുള്ള നടപടിയെടുക്കണം. ഇതോടൊപ്പം കൊളുക്കുമലക്കുൾപ്പെടെയുള്ള ജീപ്പ് സവാരികൾക്കും രാത്രി യാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന തരത്തിൽ ശുപാർശ ചെയ്തു കൊണ്ടുള്ള റിപ്പോർട്ടിനെതിരെയാണ് ശക്തമായ പ്രതിഷേധം. ചിന്നക്കനാൽ, ശാന്തൻപാറ, ദേവികുളം പഞ്ചായത്തുകളിലാണ് പ്രതിഷേധം. ഇതിൻറെ ഭാഗമായി ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. സർവകക്ഷി യോഗം ചേർന്ന് പ്രതിഷേധ പരിപാടികൾ നടത്താനും നിയമ പോരാട്ടം തുടരാനും തീരുമാനിച്ചു.
ജനങ്ങളെ നേരിൽ കാണുകയോ അവരുടെ പ്രശ്നങ്ങൾ കേൾക്കുകയോ ചെയ്യാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ആരോപണമുണ്ട്. ചിന്നക്കനാൽ പഞ്ചായത്ത് വനം ആക്കി മാറ്റുന്നതിനുള്ള നീക്കത്തിൻറെ ഭാഗമാണ് റിപ്പോർട്ടെന്നാണ് പ്രധാന ആശങ്ക.