കോഴിക്കോട്.അത്യപൂർവ്വ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെ വെൻ്റിലേറ്ററിലാണ് കുട്ടിയുള്ളത്. രോഗത്തിന് കൃത്യമായ മരുന്ന് ഇല്ല എന്നതാണ് പ്രതിസന്ധി. ഒരു കൂട്ടം മരുന്നുകളുടെ മിശ്രിതമാണ് ഈ അപൂർവ രോഗത്തിന് നൽകുന്നത്. ഇവ വിദേശത്ത് നിന്നും എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രോഗലക്ഷണങ്ങൾ ഉള്ള കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിയുന്ന മറ്റ് നാല് കുട്ടികളുടെയും ആരോഗ്യ നില തൃപ്തികരമാണ്. കടലൂണ്ടി പുഴയുടെ മൂന്നിയൂർ ഭാഗത്ത് ഇറങ്ങുന്നതിന് വിലക്ക് ഉണ്ട്. പ്രദേശത്ത് ബോധവത്കരണവും തുടരുകയാണ്.
മലപ്പുറം മൂന്നിയൂരിൽ അമിബിക് മസ്തിഷ്ക ജ്വര ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ബോധവൽക്കരണം ശക്തമാക്കി
പ്രദേശത്തെ വീടുകളിൽ എത്തി കിണറുകളിലും മറ്റും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ക്ളോറിനേഷൻ നടത്തി.പ്രദേശത്ത് ആർക്കെങ്കിലും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടാൻ നിർദേശം നൽകി.കടലുണ്ടി പുഴയുടെ മൂന്നിയൂർ പ്രദേശത്തെ കടവുകളിൽ ഇറങ്ങുന്നതിന് വിലക്ക് ഏർപ്പെടുത്തി പഞ്ചായത്ത് ഇന്നലെ ഉത്തരവ് ഇറക്കിയിരുന്നു.പരിസര പ്രദേശങ്ങളിലെ ആളുകളെ ഉൾപ്പെടുത്തി വാഡ്സാപ് ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്.മെഡിക്കൽ ഓഫീസറുടെ ബോധവൽക്കരണ സന്ദേശം ഇത് വഴി നൽകുന്നുമുണ്ട്.