കൈയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന നാലു വയസുകാരിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തി

Advertisement

കോഴിക്കോട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി. കൈയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്ന നാലു വയസുകാരിയുടെ നാവിലാണ് ശസ്ത്രക്രിയ നടത്തിയതെന്നാണ് പരാതി. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ 4 വയസുകാരിക്കാണ് ഡോക്ടറുടെ ഗുരുതര അനാസ്ഥ മൂലം ദുരനുഭവം നേരിടേണ്ടി വന്നത്.

കയ്യിലെ ആറാംവിരല്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഡോക്ടര്‍ നാവില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ആറാം വിരല്‍ നീക്കം ചെയ്തു. സംഭവത്തില്‍ ഡോക്ടര്‍ മാപ്പ് പറഞ്ഞതായി കുട്ടിയുടെ കുടുംബം വ്യക്തമാക്കി.

അതേസമയം, രണ്ട് ശസ്ത്രക്രിയകള്‍ ഒരുമിച്ച് നടത്തിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് സംബന്ധിച്ച് നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നു. ശസ്ത്രക്രിയക്കിടെ ഉപകരണം വയറ്റില്‍ കുടുങ്ങിയ സംഭവം വലിയ വാര്‍ത്തയായിരുന്നു.