കൊല്ലം കിളികൊല്ലൂര്‍ കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം ചൊവ്വാഴ്ച ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്ന് പോലീസ്. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനില്‍ പരേതനായ ശശിധരന്‍ പിള്ളയുടെ മകന്‍ എസ്. അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം പാറപ്പുറത്ത് (കടൂരപറമ്പില്‍) മധുവിന്റെ മകള്‍ മീനാക്ഷി (18) എന്നിവരാണ് മരിച്ചത്.
പാല്‍ക്കുളങ്ങര തെങ്ങയ്യത്ത് ഭാഗത്താണ് ഇരുവരെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടത്. കൊല്ലത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചായിരുന്നു അപകടം. റെയില്‍വേ ട്രാക്കിലൂടെ മുന്നോട്ടു പോയ ഇരുവരും ട്രെയിന്‍ വരുന്നതു കണ്ടു പരസ്പരം ആലിംഗനം ചെയ്തു നിന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
അനന്തു കൊല്ലം ഫാത്തിമ കോളജിലെ മലയാളം ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും മീനാക്ഷി പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥിനിയുമാണ്. ഇരുവരും ഇന്‍സ്റ്റാഗ്രാം വഴിയാണ് ഒരു മാസം മുന്‍പ് പരിചയപ്പെട്ടതെന്നും പ്രണയത്തിലായിരുന്നുവെന്നും അനന്തുവിന്റെ സുഹൃത്തുക്കള്‍ കിളികൊല്ലൂര്‍ പോലീസിന് മൊഴി നല്‍കി. എന്നാല്‍ ഈ കാര്യമൊന്നും ഇരു വീട്ടുകാര്‍ക്കും അറിയില്ലായിരുന്നു. ചൊവ്വാഴ്ചയാണ് ഇരുവരും നേരില്‍ കാണുന്നതെന്നും അനന്തുവിന്റെ സുഹൃത്തുക്കള്‍ പറഞ്ഞു.
സിനിമ കാണാന്‍ പോകുന്നു എന്ന് പറഞ്ഞാണ് അനന്തു വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ തിങ്കളാഴ്ച രാവിലെ സേ പരീക്ഷ എഴുതുന്നതിനുവേണ്ടി ഫീസ് അടയ്ക്കാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് മീനാക്ഷി വീട്ടില്‍നിന്ന് ഇറങ്ങിയത്. ഏറെ വൈകിയിട്ടും മക്കളെ കാണാതായതോടെ ഇരു വീട്ടുകാരും പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. രാത്രിയോടെയാണ് കിളികൊല്ലൂരില്‍ രണ്ടു പേരെ ട്രെയിന്‍ തട്ടി മരിച്ചെന്ന വാര്‍ത്ത വീട്ടുകാരും ബന്ധുക്കളും അറിഞ്ഞത്. ഇന്നലെ രാവിലെ ഇരുവരുടെയും ബന്ധുക്കള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തി മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇരു മൃതദേഹങ്ങളും ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്‌കാരം നടത്തി.