കൈവിരലിനു പകരം നാവില്‍ ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

Advertisement

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. ഡിഎംഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കുട്ടിയുടെ കുടുബം പറഞ്ഞു. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് ഇതെന്നും, ഇനി ഒരു കുട്ടിക്കും മെഡിക്കല്‍ കോളജില്‍ ഈ ഗതി വരരുതെന്നും കുട്ടിയുടെ കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. ശസ്ത്രക്രിയയില്‍ പിഴവ് പറ്റിയതിന് പിന്നാലെ ഡോക്ടര്‍ മാപ്പു പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.
കുട്ടിയുടെ ഒരു കൈക്ക് ആറ് വിരല്‍ ഉള്ളതിനാല്‍ ഇന്ന് ശസ്ത്രക്രിയക്ക് എത്താന്‍ പറഞ്ഞിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ഡിലെത്തിയ ശേഷം കുട്ടിയുടെ നാവില്‍ ചോര കണ്ടതിനെ തുടര്‍ന്ന് നഴ്‌സിനോട് ചോദിച്ചപ്പോഴാണ് നാവിനാണ് സര്‍ജറി നടത്തിയതെന്ന് പറഞ്ഞത്. വിരലിന്റെ സര്‍ജറിക്കായാണല്ലോ വന്നതെന്ന് പറഞ്ഞപ്പോള്‍ കുട്ടിയെ നഴ്‌സ് അകത്തേക്ക് തന്നെ കൊണ്ടുപോകുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഡോക്ടര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന മെഡിക്കല്‍ സൂപ്രണ്ടിന്റെ ഉറപ്പിലാണ് പരാതി നല്‍കിയത്. സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.