ഒരു കുത്ത് വരുത്തിയ വിന; കർഷകൻ വട്ടം കറങ്ങിയത് മൂന്ന് ആഴ്ച

Advertisement

പത്തനംതിട്ട:പഞ്ചായത്ത് ഉദ്യോഗസ്ഥന്‍ ഒരു കുത്തിടാൻ മറന്നതോടെ കൃഷിക്കാരൻ ആകെ നട്ടം തിരിഞ്ഞ് പുലിവാല് പിടിച്ച്‌ ഓടി നടന്നത് മൂന്നാഴ്ചയോളം.

പത്തനംത്തിട്ട കോയിപ്രം പഞ്ചായത്ത് നാലം വാര്‍ഡിലെ കുറുവന്‍കുഴി ശ്രീവിലാസത്തില്‍ വി.എസ്. നന്ദകുമാറാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥന്റെ അശ്രദ്ധകാരണം രണ്ടേമുക്കാല്‍ ലക്ഷത്തോളം രൂപ സെസ് അടയ്ക്കാന്‍ നിര്‍ബന്ധിതമായത്.

ഒരേക്കര്‍ വിസ്തൃതിയുള്ള നന്ദകുമാറിന്റെ കൃഷിയിടത്തില്‍ പമ്പ് സെറ്റ് സ്ഥാപിക്കാനാണ് ഒറ്റമുറി ഷെഡ് നിര്‍മ്മിച്ചത്. ഇതിനായി പഞ്ചായത്തില്‍ നിന്നും എല്ലാം അനുമതികളും വാങ്ങിയിരുന്നു നിര്‍മ്മാണം. ഇതിനുശേഷം ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നും വന്നൊരു കത്തു കണ്ടാണ് നന്ദകുമാര്‍ ഞെട്ടിയത്. താന്‍ നിര്‍മ്മിച്ച ഒറ്റമുറി ഷെഡ് അത്യാഡംബര മുറിയാണെന്ന് അപ്പോഴാണ് നന്ദകുമാറിന് മനസിലായത്.

ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നും ലഭിച്ച കത്തു പ്രകാരം ഒറ്റമുറി ഷെഡിന്റെ നിര്‍മ്മാണ ചെലവിന്റെ ഒരു ശതമാനം കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി സെസ്സിലേക്ക് അടയ്ക്കണമെന്നാണ് അറിയിച്ചത്. 2,70,613 രൂപയുടെ സെസ്സ് കൃത്യമായി അടച്ചില്ലങ്കില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നുമായിരുന്നു നന്ദകുമാറിന് ലേബര്‍ ഓഫീസില്‍ നിന്നും അയച്ച നോട്ടീസ്. കത്തു കണ്ട് ലേബര്‍ ഓഫീസില്‍ പോയപ്പോഴാണ് നന്ദകുമാര്‍ ആ സത്യം മനസിലാക്കുന്നത് താന്‍ നിര്‍മ്മിച്ച ഒറ്റമുറി ഷെഡിന്റെ ആകെ വിസ്തീര്‍ണം 1482 ചതുരശ്ര മീറ്റര്‍. പഞ്ചായത്തില്‍ നിന്നും ലഭിച്ച കണക്ക് പ്രകാരം ജില്ലാ ലേബര്‍ ഓഫീസില്‍ നിന്നും തയ്യാറാക്കിയ 1482 ചതുരശ്ര മീറ്റര്‍ കെട്ടിടത്തിന്റെ മൊത്തം തുക 2,70,61,320 രൂപയായിരുന്നു. ഇതിന്റെ ഒരു ശതമാനം സെസ്സ് തുകയായ 2,70,613 അടയ്ക്കാനാണ് നന്ദകുമാറിനോട് ജില്ലാ ലേബര്‍ ഓഫീസില്‍ കത്തയച്ചത്.

ഇതോടെ നന്ദകുമാര്‍ നേരെ കോയിപ്രം പഞ്ചായത്ത് ഓഫീസില്‍ പോകുകയും തന്റെ വസ്തു സംബന്ധിച്ച പരിശോധനകള്‍ നടത്തുകയും ചെയ്തു. ഓഫീസിലെ നികുതി നിര്‍ണ്ണയ രജിസ്റ്റര്‍ പ്രകാരം 4/196 ബി നമ്പരിലുള്ള ഒറ്റമുറിക്ക് 1482 ച.മീറ്റര്‍ വിസ്തീര്‍ണമുണ്ട്. പഞ്ചായത്ത് അധികൃതര്‍ 14.82 എന്നതില്‍ കുത്തിടാന്‍ മറന്നതാണ് 1482 എന്നാകാന്‍ കാരണം. പഞ്ചായത്തിലും ലേബര്‍ ഓഫീസിലുമായി രേഖകള്‍ കൃത്യമാക്കാന്‍ മൂന്നാഴ്ചയോളം കയറി നടന്നാണ് ഉദ്യോഗസ്ഥര്‍ ഉണ്ടാക്കിയ പിശക് മാറ്റിയത്. നോട്ടീസ് ലഭിച്ചതിനുശേഷം പഞ്ചായത്ത് സെക്രട്ടറിക്ക് നന്ദകുമാര്‍ ഒരു പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വീണ്ടും വസ്തു അളന്നപ്പോള്‍ ഒറ്റമുറിയുടെ വിസ്തീര്‍ണം 13.55 ച.മീറ്റര്‍ ആയി കുറയുകയും ചെയ്തു. പമ്പ് ഹൗസ് അളക്കാന്‍വന്ന ഉദ്യോഗസ്ഥര്‍ നന്ദകുമാറിന്റെ ആവശ്യപ്രകാരം വീടുകൂടി അളന്നപ്പോഴും നേരത്തേയുള്ള അളവ് തെറ്റാണെന്ന് മനസ്സിലായി. വീടിന്റെ നേരത്തേയുള്ള വിസ്തൃതി 306 ച.മീറ്ററില്‍നിന്ന് 232 ച. മീറ്ററിലേക്ക് കുറഞ്ഞു. ഇതുവരെ 306 ച.മീറ്ററിന്റെ നികുതിയാണ് അടച്ചുകൊണ്ടിരുന്നത്.

Advertisement