വയോധികയുടെ മൃതദേഹം ജീർണിച്ചനിലയിൽ കണ്ടെത്തി… മൃതദേഹ​ത്തിന്റെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ…ബാക്കിയായത് തലയോട്ടിയും അസ്ഥിഭാഗങ്ങളും

Advertisement

കാണാതായ വയോധികയുടെ മൃതദേഹം വീടിന് സമീപം ജീർണിച്ചനിലയിൽ കണ്ടെത്തി. മടവൂർ തകരപ്പറമ്പ് സ്വദേശി കെ ഭവാനി (75) ആണ് മരിച്ചത്. മൃതദേഹ​ത്തിന്റെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. വസ്ത്രവും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയും വെച്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സമീപത്തെ പുരയിടത്ത് നിന്നും വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചതാകാമെന്നാണ് നി​ഗമനം.
മൂത്തമകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. വെള്ളിയാഴ്ച മുതൽ ഇവർ വീട്ടിലുണ്ടായിരുന്നില്ല. ഒരു കിലോമീറ്ററിനപ്പുറം താമസിക്കുന്ന ഇളയ മകന്റെ വീട്ടിലുണ്ടാവുമെന്ന് കരുതി വീട്ടിലുള്ളവർ അന്വേഷിച്ചില്ല. ബുധനാഴ്ച ഇളയമകൻ അമ്മയെ അന്വേഷിച്ച് സഹോദരന്റെ വീട്ടിൽ എത്തിയപ്പോഴാണ് അമ്മയെ കാണാതായ വിവരം മനസിലാകുന്നത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനിടെ സമീപവാസിയായ വീട്ടമ്മ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ഇവരെ കണ്ടതായി അറിയിച്ചിരുന്നു.
തുടർന്ന് ബന്ധുവും അയൽവാസിയും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് പള്ളിക്കൽ പൊലീസിൽ അറിയിച്ചു. മൃതദേഹം കാണപ്പെട്ടതിനടുത്ത് താമസിക്കുന്ന കുടുംബം ഒരാഴ്ചയായി വീട്ടിലുണ്ടായിരുന്നില്ല. ഇതും സംഭവം പുറത്തറിയാൻ വൈകുന്നതിനു കാരണമായി.