വാർത്താനോട്ടം

Advertisement

2024 മെയ് 17 വെള്ളി

🌴 കേരളീയം 🌴

🙏 നാല് വയസുകാരിയ്ക്ക് ആറാം വിരല്‍ നീക്കം ചെയ്യുന്നതിന് പകരം നാവിന് ശസ്ത്രക്രിയ ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ചികിത്സാപ്പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.

🙏 അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കേരള ഗവ. മെഡിക്കല്‍ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍. ആറാം വിരല്‍ നീക്കം ചെയ്യേണ്ട ശസ്ത്രക്രിയക്ക് എത്തിയ കുട്ടിക്ക് നാക്കിന്നടിയിലായി കെട്ട് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഈ ശസ്ത്രക്രിയക്ക് ശേഷം ആറാം വിരലിന്റെ ശസ്ത്രക്രിയ അപ്പോള്‍ തന്നെ ചെയ്യണമെന്ന് മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനാല്‍ അതും ചെയ്യുകയായിരുന്നു അസോസിയേഷന്‍ അറിയിച്ചു.

🙏 കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം നഗരത്തില്‍ വിവിധയിടങ്ങളില്‍ വ്യാപക വെള്ളക്കെട്ട്. ഇന്നലെ ഉച്ചതിരിഞ്ഞ് 3 മണിക്ക് ശേഷം ആരംഭിച്ച കനത്ത മഴയില്‍ തലസ്ഥാനത്തെ പ്രധാനയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. 9 ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

🙏 സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പുള്ള കെട്ടിട, വാഹന ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കാലതാമസം വരുത്തരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി. കുട്ടികളുടെ സുരക്ഷയാണ് പ്രധാനം. ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അടിയന്തിര നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കി.

🙏 കാറഡുക്ക സഹകരണ സൊസൈറ്റി തട്ടിപ്പില്‍ മറ്റു മൂന്നു പ്രതികളെ കൂടി അറസ്റ്റ് ചെയ്തു . മുഖ്യപ്രതി കെ. രതീശന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണ് പിടിയിലായത്. സൊസൈറ്റി സെക്രട്ടറി രതീശന്‍ ഈ സംഘാംഗങ്ങള്‍ക്ക് തുക കൈമാറിയ ബാങ്ക് ഇടപാടുകള്‍ പൊലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.

🙏 സംസ്ഥാനത്തു കനത്ത വരള്‍ച്ചയില്‍ 257 കോടി രൂപയുടെ കൃഷി നാശമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കര്‍ഷകരെ സഹായിക്കാന്‍ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഇടുക്കിയില്‍ വന്‍തോതില്‍ കൃഷി നാശമുണ്ടായ പ്രദേശങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി.

🙏 ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന. ‘ഓപ്പറേഷന്‍ അപ്പറ്റൈറ്റ്’ എന്ന പേരില്‍ രാവിലെ 11 മണി മുതലാണ് പരിശോധന നടന്നത്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനാണ് പരിശോധന നടന്നത്.

🙏 അമീബിക് മസ്തിഷ്‌കജ്വരം ഉണ്ടോയെന്ന സംശയത്തില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 4 കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്. അതേസമയം മുന്നിയൂര്‍ സ്വദേശിയായ 5 വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ഇതേ ലക്ഷണങ്ങളോടെ രണ്ട് ദിവസം മുമ്പാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് വയസുകാരിക്ക് മലപ്പുറം കടലുണ്ടി പുഴയില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.

🙏ഗുണ്ടകള്‍ക്കും, സാമൂഹികവിരുദ്ധര്‍ക്കും, ലഹരിമാഫിയയ്ക്കുമെതിരെ സംസ്ഥാനത്ത് പോലീസ് നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 243 പേര്‍ അറസ്റ്റിലായി. വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും, വാറണ്ട് കേസിലെ പ്രതികളുമാണ് അറസ്റ്റില്‍ ആയത്. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദ്ദേശം നല്‍കി.

🙏 ആലപ്പുഴ നീര്‍ക്കുന്നം എസ് എന്‍ കവല ജംഗ്ഷന് കിഴക്ക് ഗുരുകുലം ജംഗ്ഷന് സമീപം ഒന്‍പത് വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. സമീപത്തെ വീട്ടില്‍ ട്യൂഷന് പോകാനായി
ഇറങ്ങിയപ്പോള്‍ വാനിലെത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠനം. ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ഭാരത് ബയോടെക് പുറത്തിറക്കിയ കോവാക്സിനെടുത്ത മൂന്നിലൊരാള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തുവെന്നും പഠനത്തിലുണ്ട്.

🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കിയത് അസാധാരണ നടപടിയല്ലെന്ന് സുപ്രീംകോടതി. പ്രത്യേക പരിഗണന കെജ്രിവാളിന് നല്‍കിയെന്ന വാദവും സുപ്രീംകോടതി നിഷേധിച്ചു. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അമിത് ഷാ യുടെ വിമര്‍ശനത്തിനുള്ള മറുപടിയാണ് കോടതി നല്‍കിയത്.

🙏 വെള്ളം സംഭരിക്കുന്ന വലിയ ടാങ്കില്‍ കുളിക്കാന്‍ പോയ കര്‍ണാടക ഹാസനിലെ നാല് കുട്ടികള്‍ മുങ്ങി മരിച്ചു. ആളൂര്‍ താലൂക്കിലെ മുത്തിഗെ ഗ്രാമത്തിലാണ് അപകടം. ആളൂര്‍ സ്വദേശികളായ ജീവന്‍ (13), പ്രിത്ഥ്വി(12), വിശ്വ(12), സാത്വിക്(11) എന്നീ കുട്ടികള്‍ ആണ് മരിച്ചത്. ഒരു കുട്ടി മുങ്ങിപ്പോയതോടെ രക്ഷിക്കാന്‍ ശ്രമിച്ച മറ്റ് കുട്ടികളും അപകടത്തില്‍ പെടുകയായിരുന്നു.

🙏 ലോക്‌സഭ തിരഞ്ഞെടുപ്പ് മഹാഭാരതയുദ്ധത്തിന് സമാനമാണെന്നും യുദ്ധത്തില്‍ എന്‍.ഡി.എ. സഖ്യം പാണ്ഡവപ്പടയാണെന്നും ഇന്ത്യസഖ്യം കൗരവപ്പടയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അതേസമയം ബിഹാര്‍ സീതാമാതാവിന്റെ ഭൂമിയാണെന്നും ഇവിടെ പശുക്കടത്തോ ഗോവധമോ ഞങ്ങള്‍ അനുവദിക്കുകയില്ലെന്നും ഇത് നരേന്ദ്ര മോദിയുടെ ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു.

🙏 ജാമ്യം ലഭിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നടത്തിയ പ്രസ്താവന ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെജ്രിവാളിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇ ഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ആംആദ്മി പാര്‍ട്ടിയ്ക്ക് വോട്ട് ചെയ്താല്‍ തനിക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരില്ല എന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളോട് കെജ്രിവാള്‍ പറഞ്ഞത്.

🙏 പശ്ചിമബംഗാളിലെ മാള്‍ഡയില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികളടക്കം 11 പേര്‍ മരിച്ചു. രണ്ട് പേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

🙏 ഡല്‍ഹി പണ്ഡിറ്റ് പന്ത് മാര്‍ഗിലെ ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസില്‍ തീപിടുത്തം. ഫയര്‍ ഫോഴ്സെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തമാണൊഴിവായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു.

🙏 16 പേര്‍ മരിക്കാനിടയായ മുംബൈ പരസ്യ ബോര്‍ഡ് ദുരന്തത്തില്‍, പരസ്യ ബോര്‍ഡ് സ്ഥാപിച്ച കമ്പനിയുടെ ഡയറക്ടര്‍ ഭാവേഷ് ഭിന്‍ഡേ അറസ്റ്റില്‍. മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം രാജസ്ഥാനിലെ ഉദയ്പൂരില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

🙏 40 അടിയില്‍ കൂടുതല്‍ വലുപ്പത്തില്‍ ഉള്ള പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മുംബൈയില്‍ ബിഎംസി നിര്‍ദേശം നല്‍കി . ഘാട്കോപ്പറില്‍ കഴിഞ്ഞ ദിവസമാണ് പെട്രോള്‍ പമ്പിന് മുകളിലേക്ക് 120 അടിയിലധികം വലുപ്പത്തിലുളള ബോര്‍ഡ് വീണ് 16 പേര്‍ കൊല്ലപ്പെട്ടത്. മുംബൈയിലും പരിസര പ്രദേശങ്ങളിലും ഉണ്ടായ പൊടിക്കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. ഇതിനെ തുടര്‍ന്നാണ് നടപടി .

🙏 കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ സ്വാതി മലിവാള്‍ പൊലീസില്‍ പരാതി നല്‍കി . കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ വീട്ടിലെത്തിയ സമയത്ത് അതിക്രമം നേരിട്ടുവെന്ന് കാട്ടിയാണ് സ്വാതിയുടെ പരാതി.വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുത് എന്നാണ് സ്വാതി ആവശ്യപ്പെടുന്നത്.

🙏 ഇന്ത്യ സഖ്യത്തിനുള്ള പിന്തുണ ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. തന്റെ പാര്‍ട്ടി ഇപ്പോഴും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് ഹാല്‍ദിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അവര്‍ വ്യക്തമാക്കി. എന്നാ ഈ യു-ടേണ്‍ വിശ്വസിക്കരുതെന്നാണ് കോണ്‍ഗ്രസിന്റെ ബംഗാള്‍ അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ അഭിപ്രായം.

🏏 കായികം 🏏

🙏 ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരം മഴ മൂലം ഉപേക്ഷിച്ചു. കളി ഉപേക്ഷിച്ചതോടെ ഇരു ടീമുകളും പോയന്റ് പങ്കിട്ടു. ഇതോടെ സണ്‍റൈസേഴ്സ് ഹൈദരാബാദ് 15 പോയന്റുമായി പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയല്‍സും നേരത്തെ പ്ലേ ഓഫിലെത്തിയിരുന്നു.

🙏 ടി 20 ലോക കപ്പില്‍ രണ്ടു ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് കര്‍ണാടകയിലെ സഹകരണ ഡയറി ബ്രാന്‍ഡ് ആയ നന്ദിനി. സ്‌കോട്‌ലാന്‍ഡ്, അയര്‍ലാന്‍ഡ് ടീമുകളുടെ ഔദ്യോഗിക സ്‌പോണ്‍സര്‍ ആണ് നന്ദിനി. നന്ദിനിയെ ആഗോള ബ്രാന്‍ഡ് ആക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Advertisement