കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
രാഹുലിനെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചത് രാജേഷായിരുന്നു. വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രാഹുലിന്റെ മാതാവിനും സഹോദരിക്കും വീണ്ടും നോട്ടീസ് നല്‍കുകയും ചെയ്തിരിക്കുകയാണ്.
നേരത്തേ രാഹുല്‍ ജര്‍മ്മനിയില്‍ എത്തിയതായി രാജേഷ് ചോദ്യം ചെയ്യലില്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. പ്രതിക്കായി ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ ആലോചിക്കുമ്‌ബോഴാണ് താന്‍ വിദേശത്ത് എത്തിയതായി വ്യക്തമാക്കിക്കൊണ്ട് രാഹുലിന്റെ വീഡിയോ സന്ദേശം പുറത്തുവന്നത്. ഇതിന് പിന്നാലെ രാജേഷിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പ്രതിക്ക് വിദേശത്തേക്ക് രക്ഷപ്പെടാന്‍ എല്ലാ സഹായവും ചെയ്തു കൊടുത്തത് രാജേഷാണെന്ന് വ്യക്തമായത്. പെണ്‍കുട്ടി ക്രൂരമര്‍ദ്ദനത്തിന് ഇരയായ ദിവസം രാജേഷ് വീട്ടിലുണ്ടായിരുന്നു എന്നും വ്യക്തമായി.
വിദേശത്ത് എത്തിയ രാഹുല്‍ രാജേഷുമായും സഹോദരിയുമായും സംസാരിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് മര്‍ദ്ദനമേറ്റതിന് പിന്നാലെ വീട്ടുകാര്‍ പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലൂം പോലീസ് കാര്യമായി പ്രതികരിച്ചില്ലെന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചത്. പ്രശ്നത്തില്‍ അന്വേഷണം നടക്കുന്ന സമയത്ത് തന്നെ പ്രതിക്ക് രാജ്യം വിടാനിടയായത് പോലീസിന്റെ കഴിവുകേടായി വിലയിരുത്തുന്നുണ്ട്.