ലോറിയിൽ കടത്തുകയായിരുന്ന 1221.5 കിലോ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി

Advertisement

കാസർഗോഡ്. കുമ്പളയിൽ ലോറിയിൽ കടത്തുകയായിരുന്ന 1221.5 കിലോ നിരോധിത പുകയില ഉല്പന്നങ്ങൾ പിടികൂടി. ലോറിയിൽ സവാള ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച പുകയില ഉൽപന്നങ്ങളാണ് പൊലീസ് പിടികൂടിയത്.

ഓപ്പറേഷൻ ഡീഹണ്ട് റെയ്ഡിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ വാഹന പരിശോധനയിലാണ് ലോറിയിൽ കടത്തിക്കൊണ്ടു വരികയായിരുന്ന നിരോധിത പുകയില ഉല്പന്നങ്ങൾ പൊലീസ് പിടികൂടിയത്. കുമ്പള എസ്.ഐ ടി.എം വിപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മംഗളൂരുവിൽ നിന്നും കൊല്ലത്തേക്ക് സവാളയുമായി പോവുകയായിരുന്ന ലോറിയിലായിരുന്നു ലഹരിക്കടത്ത്. സവാളചാക്കുകൾക്കിടയിൽ 60 പ്ലാസ്റ്റിക് ചാക്കുകളാക്കി പുകയില ഉല്പന്നങ്ങൾ കടത്താനായിരുന്നു ശ്രമം.

ലോറി ഡ്രൈവറായ തിരുവനന്തപുരം സ്വദേശി മുഹമ്മദ്‌ അൻവറിനെ പോലീസ് കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകി വിട്ടയച്ചു. തിരുവനന്തപുരം ജില്ലയിലെ സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനുള്ള പുകയില ഉൽപ്പന്നങ്ങളാണിതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന ആളാണ് അൻവർ. പിടിച്ചെടുത്ത പുകയില ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ 40 ലക്ഷത്തോളം രൂപ വില വരും

Advertisement