ആനപ്പാപ്പാന്മാരെ കൊമ്പുകുത്തിച്ച് പിഎസ് സി

Advertisement

കൊച്ചി. വനംവകുപ്പില്‍ ആനപ്പാപ്പാന്‍മാര്‍ക്കായി പിഎ‍സ്‍സി നടത്തിയ പരീക്ഷ പാപ്പാന്മാരെ കൊമ്പുകുത്തിച്ചു. ചോദ്യങ്ങളാണ് വിചിത്രം. ദ്രവ്യവും പിണ്ഡവും മുതല്‍ ലസാഗുവും ഉസാഘയും വരെ ചോദ്യങ്ങളായി എങ്കിലും ആനയെ കുറിച്ചുമാത്രം ചോദ്യപേപ്പറിലൊന്നുമില്ലായിരുന്നു. ആന പരിചരണത്തിനെന്തിനാണ് എല്‍ഡിസി മോഡല്‍ ചോദ്യപേപ്പറെന്നാണ് ഉയരുന്ന വിമര്‍ശനം.

എറണാകുളം, വയനാട് ജില്ലകളിലെ ആനക്യാമ്പുകളിലേക്കുള്ള പാപ്പാന്‍മാര്‍ക്കായി പിഎസ്‍സി പരീക്ഷ നടന്നത് കഴിഞ്ഞ പതിനാലിന്. ആദ്യം സിലബസ് ഒന്ന് നോക്കാം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം മുതല്‍ ആറ്റത്തിന്‍റെ ഘടനവരെ. സൌരയൂഥവും സവിശേഷതകളും മുതല്‍ സാംക്രമിക രോഗങ്ങളും രോഗകാരികളും വരെ. പിന്നെയോ സംഖ്യകളും അടിസ്ഥാന ക്രിയകളും വര്‍ഗവും വര്‍ഗമൂലവും അങ്ങിനെയങ്ങിനെ നീളുന്നു.. പക്ഷെ എവിടെയും ആനയെ കണ്ടില്ല എന്നതാണ് കാര്യം… ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയുടെ ചോദ്യപേപ്പറിലേക്ക് കടന്നാല്‍ ഞെട്ടും. പാരപെറ്റില്‍ വച്ചിരിക്കുന്ന ചെടിച്ചട്ടി താഴേക്ക് പതിക്കുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജമാറ്റമേത്. യുദ്ധക്കപ്പലായ ഐഎന്‍എസ് മഹിന്ദ്രയ്ക്ക് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ മലനിരകളുടെ പേരാണ് നല്‍കിയിരിക്കുന്നത്. ദൃശ്യപ്രകാശം അതിന്‍റെ ഘടക വര്‍ണങ്ങളായി വേര്‍ തിരിയുന്ന പ്രതിഭാസം ഏത്. ഇന്ത്യന്‍ഭരണഘടനയുടെ ഏത് ഭാഗത്തിലാണ് മൌലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്നത്… ഇങ്ങനെ സാമാന്യബുദ്ധിക്ക് മദംപൊട്ടിയ ചോദ്യങ്ങള്‍. ചോദ്യപേപ്പറിലും ആനയും ആനപരിചരണവും എങ്ങും കാണാനില്ല. ഗതികോര്‍ജവും സ്ഥിരോര്‍ജവും പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതിയും ഉള്‍പ്പെടെയുള്ള അറിവുകള്‍ ആണോ ആനയെ നോക്കാനുള്ള യോഗ്യതാ മാനദണ്ഡമെന്നാണ് ഉയരുന്ന ചോദ്യം. ദേവസ്വം ബോര്‍ഡുകളില്‍ നാലാംക്ലാസ് ആണ് ആനപ്പാപ്പാന്‍മാര്‍ക്കുള്ള യോഗ്യത. പ്രായോഗിക ജ്ഞാനത്തിനാണ് പരിഗണന. പക്ഷെ വനംവകുപ്പിന്‍റെ ആനകളുടെ കാര്യം വന്നപ്പോള്‍ ഇത് ഏഴാംക്ലാസായി. വിദ്യാഭ്യാസ യോഗ്യതയില്‍ പരിധിയും നിശ്ചയിച്ചിട്ടില്ല.