ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അടിമുടി
ക്രമക്കേട്
തിരുവനന്തപുരം.സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അടിമുടി
ക്രമക്കേട് കണ്ടെത്തി.നിലവാരം കുറഞ്ഞ ഭക്ഷ്യ ഉൽപ്പാദകരെ കണ്ടെത്തിയിട്ടും
നടപടി ഒഴിവാക്കാൻ പരിശോധന ഫലവും, ഫയലുകളും പൂഴ്ത്തി ഒത്താശ ചെയ്യുന്നു.
മിക്ക ഓഫീസുകളിലും ലൈസൻസ്, രജിസ്ട്രേഷൻ സംബന്ധിച്ച റെക്കോർഡുകൾ സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ
കണ്ടെത്തി.ഭക്ഷ്യ സുരക്ഷ കമ്മീഷണറേറ്റ്
ഉൾപ്പടെ 67 ഓഫീസുകളിൽ ആണ് പരിശോധന നടത്തിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ അപ്പറ്റയിറ്റ് എന്ന പേരിൽ വിജിലൻസ് ഭക്ഷ്യ സുരക്ഷ ഓഫീസുകളിൽ പരിശോധന നടത്തിയത്.ഇന്നലെ രാവിലെ
11 മണിക്ക് ആരംഭിച്ച പരിശോധന രാത്രി വരെ നീണ്ടു.ഗുരുതര ക്രമക്കേടുകൾ ആണ് വിജിലൻസ് കണ്ടെത്തിയത്.നിലവാരം കുറഞ്ഞ ഭക്ഷ്യ ഉൽപ്പാദകരെ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ല.നടപടി ഒഴിവാക്കാൻ പരിശോധന ഫലവും, ഫയലുകളും പൂഴ്ത്തി ഒത്താശ ചെയ്യുന്നു.വൻകിട ഭക്ഷ്യ ഉൽപ്പാദകർക്ക് ചെറുകിട കച്ചവടക്കാർക്കുള്ള രജിസ്ട്രേഷൻ നൽകി ക്രമക്കേട് നടത്തുന്നു.പല സ്ഥലങ്ങളിലും ലൈസൻസ് സംബന്ധിച്ച റെക്കോർഡുകൾ സൂക്ഷിക്കുന്നില്ല.സുരക്ഷിതമല്ലാത്ത ഭക്ഷ്യ വസ്തുക്കൾ തിരിച്ചെടുക്കാൻ റീ കോൾ ലെറ്റർ അയക്കുന്നതിൽ വീഴ്ച്ച വരുത്തുന്നു.റാന്നി ഭക്ഷ്യ സുരക്ഷ ഓഫീസിൽ വിജിലൻസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ഓഫീസ് പ്രവർത്തിക്കുന്നില്ല എന്നും കണ്ടെത്തലുണ്ട്.
എറണാകുളം ഉൾപ്പടെ പത്തോളം ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ഉൾപ്പടെ പരാതി പരിഹാരം കൃത്യമായി നടക്കുന്നില്ലെന്നും കണ്ടെത്തി.
എറണാകുളം ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ്
കമ്മീഷണറുടെ ഓഫീസിൽ കേടായ
റഫ്രിജറേറ്ററിലാണ് പരിശോധനയ്ക്കുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതെന്നും
പരിശോധനയിൽ തെളിഞ്ഞു.തുടർനടപടിക്കു ശുപാർശ ചെയ്തു അടിയന്തിരമായി സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും വിജിലൻസ് അറിയിച്ചു