ചൂണ്ടയില്‍ കുടുങ്ങിയ 250 കിലോ ഗ്രാം തൂക്കമുള്ള ഭീമൻ തിരണ്ടിയെ വരുതിയിലാക്കാൻ ഒൻപത് മണിക്കൂർ

Advertisement

തിരുവനന്തപുരം: പൂന്തുറയിൽ മത്സ്യതൊഴിലാളികളുടെ ചൂണ്ടയില്‍ കുടുങ്ങിയ 250 കിലോ ഗ്രാം തൂക്കമുള്ള ഭീമൻ തിരണ്ടിയെ തങ്ങളുടെ വരുതിയിലാക്കാൻ തൊഴിലാളികള്‍ ചെലവാക്കിയത് ഒൻപത് മണിക്കൂർ.
ഒടുവില്‍, പിടികൂടിയ തിരണ്ടിയെ വളളത്തില്‍ കെട്ടിവലിച്ച്‌ കരയിലെത്തിക്കാൻ എട്ടുമണിക്കൂർ. എന്നാല്‍, കരയിലെത്തിച്ചപ്പോള്‍ വലിപ്പക്കൂടുതല്‍ത്തന്നെ വിനയായി. ഇത്രയും വലിയ തിരണ്ടിയെ വാങ്ങാൻ ആളില്ലാതെവന്നതോടെ മത്സ്യത്തൊഴിലാളികള്‍ പെട്ടു.
പൂന്തുറ സ്വദേശികളായ വളളം ഉടമ മൈക്കിള്‍, സുരേഷ്, പൂടൻ എന്നിവരാണ് 250 കിലോ തൂക്കമുളള തിരണ്ടിയുമായി വെളളിയാഴ്ച തീരത്ത് എത്തിയത്. ആദ്യമായാണ് ഇവിടെ ഇത്രയും വലിപ്പമുളള തിരണ്ടി ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.
തുടർന്ന് ലേലത്തിന് വെച്ചുവെങ്കിലും വലിപ്പമുളള തിരണ്ടിയായതിനാല്‍ വാങ്ങാൻ ആരും മുന്നോട്ടുവന്നില്ലെന്ന് മൈക്കിള്‍ പറഞ്ഞു. അൻപതിനായിരത്തിലധികം രൂപയ്ക്ക് വിറ്റുപോകണ്ടേ തിരണ്ടിയെ പൂന്തുറ നിവാസിയായ ഫ്രാൻസിസ് എന്നയാള്‍ 22,000 രൂപയ്ക്ക് വാങ്ങുകയായിരുന്നു.

വലവീശുന്നതിനിടയിലാണ് തിരണ്ടിയുടെ സാന്നിധ്യം ഇവർ കണ്ടത്. തുടർന്ന് ചൂണ്ടയെറിഞ്ഞു. ചൂണ്ടയുമായി തിരണ്ടി മുന്നോട്ടുകുതിച്ചെങ്കിലും വളളവുമായി മത്സ്യത്തൊഴിലാളികളും പിന്തുടർന്നു. രണ്ടാമത്തെ ചൂണ്ടയും എറിഞ്ഞ് ഏറെ പണിപ്പെട്ട് തിരണ്ടിയെ വരുതിയിലാക്കി. ശേഷം, വളളത്തില്‍ കെട്ടിവലിച്ച്‌ എട്ടുമണിക്കൂറോളം യാത്രചെയ്ത് വെളളിയാഴ്ച രാവിലെ 11-ഓടെ തീരത്ത് എത്തിക്കുകയായിരുന്നു.