‘തെക്ക് വടക്ക് ‘ തീർച്ചയായും ഇവർ ഞെട്ടിക്കും

Advertisement

പ്രേം ശങ്കറിൻ്റെ സംവിധാനത്തിൽ
സുരാജ് വെഞ്ഞാറമ്മൂടും വിനായകനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന തെക്ക് വടക്ക് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.

സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആണ് തുടങ്ങിയത്. പാലക്കാടായിരുന്നു ഷൂട്ടിംഗ്. ഐഎഫ്.എഫ്.കെയില്‍ മത്സര വിഭാഗത്തിലെത്തിയ “രണ്ടു പേർ” എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് പ്രേംശങ്കർ. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയമായ ജല്ലിക്കെട്ട്, ചുരുളി, നൻ പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങള്‍ക്കു തിരക്കഥ ഒരുക്കിയ എസ്.ഹരീഷ് ആണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അദ്ദേഹത്തിൻ്റെ തന്നെ രാത്രി കാവല്‍ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം. പേരറിയാത്തവർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരത്തിനർഹനായ സുരാജ് വെഞ്ഞാറമൂടും കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിൻ്റെ മികച്ച നടനുള്ള പുരസ്ക്കാരം നേടിയ വിനായകനും ഈ ചിത്രത്തില്‍ എത്തുന്നത് ശങ്കുണ്ണി എന്ന അരി മില്‍ ഉടമയേയും മാധവൻ എന്ന ഇലക്‌ട്രിസിറ്റി ബോർഡ് എഞ്ചിനിയറേയും അവതരിപ്പിച്ചാണ്. ശങ്കുണ്ണിയെ സുരാജും, മാധവനെ വിനായകനും അവതരിപ്പിക്കുന്നു.

ജയിലറിന് ശേഷം വിനായകൻ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് വ്യക്തികളും അവർക്കിടയിലെ അസാധാരണമായ ബന്ധവുമാണ് നർമ്മത്തിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അഞ്ജന ഫിലിപ്പിൻ്റെ ഉടമസ്ഥതയിലുള്ള അഞ്ജനാ ടാക്കീസും പ്രശസ്ത സംവിധായകൻ വി.എ ശ്രീകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വാർസ് സ്റ്റുഡിയോസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.