സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയില്‍ ജില്ലാ ഭരണകൂടങ്ങള്‍ രാത്രിയാത്രയ്ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂര്‍ ദേശമംഗലത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറെടുക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കാലവര്‍ഷം നാളെ ആന്‍ഡമാനിലും 31 ആം തീയതി കേരളത്തിലും എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതിന് മുമ്പേ സംസ്ഥാനത്ത് മഴ കനക്കും എന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച വരെ അതിതീവ്രമഴയ്ക്കാണ് സാധ്യത. 14 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്. പത്തനംതിട്ട ജില്ലയില്‍ ഇന്നും റെഡ് അലര്‍ട്ടും തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടുമാണ്. പത്തനംതിട്ട, കോട്ടയം ഇടുക്കി ജില്ലകളില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ദുരന്തസാധ്യതയുള്ള മേഖലകളില്‍നിന്ന് ആവശ്യമെങ്കില്‍ മാറി താമസിക്കണം. പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍
നാളെ മുതല്‍ 23 വരെ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി.
ശബരിമല യാത്രയ്ക്ക് തത്കാലം വിലക്കില്ല. തിരുവനന്തപുരം ജില്ലയിലെ മലയോര – കായലോര മേഖലകളിലേക്ക് അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. റെഡ് അലെര്‍ട്ടുള്ള ജില്ലകളില്‍ ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും നിയന്ത്രണമുണ്ട്. തൃശ്ശൂര്‍ ദേശമംഗലത്ത് ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ടു കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി നെടുങ്കണ്ടം, ഉടുമ്പന്‍ചോല, ശാന്തന്‍പാറ,തൊടുപുഴ എന്നിവിടങ്ങളിലും കോഴിക്കോട് കോട്ടയം മലപ്പുറം ജില്ലകളിലും മഴ ശക്തമാണ്. പത്തനംതിട്ട റാന്നി പെരുനാട് മാടമണ്‍ വള്ളക്കടവിന് സമീപം തമിഴ്‌നാട് സ്വദേശികളായ ശബരിമല തീര്‍ത്ഥാടകരുടെ വാഹനത്തിന് മുകളില്‍ മരം ഒടിഞ്ഞുവീണു. ബസ് ഡ്രൈവര്‍ നിസ്സാര പരുക്കേറ്റു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. കേരള – തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.