ആക്ഷന്‍ ഹീറോ ,കരിക്കുപയോഗിച്ച് മർദ്ദിച്ചു എന്ന് പരാതിയിൽ പോലീസിനെ വെട്ടിലാക്കി മെഡിക്കൽ റിപ്പോർട്ട്

Advertisement

തൃശൂർ.കസ്റ്റഡിയിലെടുത്ത വരെ കരിക്കുപയോഗിച്ച് മർദ്ദിച്ചു എന്ന് പരാതിയിൽ പോലീസിനെ വെട്ടിലാക്കി മെഡിക്കൽ റിപ്പോർട്ട്.
അന്തിക്കാട് പോലീസ് സ്റ്റേഷനിലെ സിഐ യുടെ നേതൃത്വത്തിൽ നടന്ന കരിക്ക് കൊണ്ടുള്ള മർദ്ദനത്തിൽ അരിമ്പൂർ വെളുത്തൂരിലുള്ള പട്ടികജാതിക്കാരനായ മധ്യവസ്കന്റെ രണ്ടു വാരിയെല്ലുകൾ പൊട്ടിയതായി സ്കാനിങ്ങിൽ കണ്ടെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയെങ്കിലും ആരോപണ വിധേയനായ അന്തിക്കാട് സിഐ വിനീഷ്, പോലീസുകാരനായ അനൂപ് എന്നിവർക്കെതിരെ നടപടി ഉണ്ടായില്ലെന്ന് പരാതിക്കാർ പറയുന്നു.

പത്തു ദിവസം മുൻപാണ് അരിമ്പൂർ വെളുത്തൂർ സ്വദേശി വടക്കുംതല വീട്ടിൽ സുനിൽകുമാറിനെ വെളുത്തൂർ ക്ഷേത്രത്തിൽ നടന്ന ഗാനമേളക്കിടെ ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് അന്തിക്കാട് പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. സുനിൽകുമാറിന്റെ സഹോദരി പുത്രനടക്കം പതിനഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ പുലർച്ചയോടെ സമീപത്തുള്ള പഴയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിലെത്തിച്ച് കരിക്ക് തുണിയിൽ കെട്ടി ക്രൂരമായി മർദിച്ചതായാണ് പരാതി. തന്നെ സിഐ വിനീഷും, പൊലീസുകാരനായ അനൂപും ചേർന്നാണ് മർദിച്ചതെന്ന് സുനിൽകുമാറിന്റെ പരാതിയിൽ പറയുന്നു. നെഞ്ചിലും മുഖത്തും മർദിച്ചു. കരിക്കു കൊണ്ട് ഏഴു തവണ തുണിയിൽ പൊതിഞ്ഞ് ഇടിച്ചു പരുവമാക്കിയെന്നുമാണ് പരാതിയിൽ ഉള്ളത്. പോലീസ് വിട്ടയച്ച ശേഷം സുനിൽകുമാർ അടക്കം 6 പേർ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് സുനില്കുമാറിന്റെ വലതു വശത്ത് പുറംഭാഗത്ത് രണ്ടു വാരിയെല്ലുകൾ പൊട്ടിയതായും ലങ്സിന് ചുറ്റും വായു കെട്ടി നിൽക്കുന്നതായും കണ്ടെത്തിയത്. ഓപ്പറേഷൻ നടത്താനായി വരും ദിവസങ്ങളിൽ ഇദ്ദേഹത്തിന് മെഡിക്കൽ കോളേജി ആശുപത്രിയിൽ എത്തണം. വീട്ടിൽ കടുത്ത വേദന മൂലം അധികം നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയിലാണ് സുനിൽകുമാർ. അമ്മ ശാന്തയാണ് സഹായത്തിനുള്ളത്.

സിഐ ക്കും പോലീസുകാരനും എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ഡിജിപി ,പട്ടികജാതി ക്ഷേമവകുപ്പ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇവർക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാണ് സുനിൽകുമാർ ആവശ്യപ്പെടുന്നത്.

Advertisement