ഗുണ്ടാ നേതാവിന്റെ ഫോൺ പോലീസിൽ ഏൽപ്പിച്ചു, കായംകുളത്ത് ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചു

Advertisement

കായംകുളം. ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ചു. വധശ്രമം കഴിഞ്ഞ ദിവസം പൊലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ സംഘർഷത്തിന്‍റെ തുടർച്ച. സംഘർഷത്തിനിടെ നഷ്ടപ്പെട്ട ഗുണ്ടാ നേതാവിന്റെ ഫോൺ പോലീസിൽ ഏൽപ്പിച്ചതിന്റെ വൈരാഗ്യമാണ് യുവാവിനെ ആക്രമിച്ചതിന് പിന്നിൽ. സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി.

കായംകുളം കൊറ്റംകുളങ്ങരയിൽ വാറണ്ട് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം രാത്രി കായംകുളം പോലീസും യുവാക്കളുമായി സംഘർഷം ഉണ്ടായി. കടത്തിണ്ണയിൽ ഇരുന്ന് ഗുണ്ടാ നേതാവ് പുകവലിച്ചത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം.

ഇതിനിടയിൽ ഗുണ്ടാ നേതാവിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
ഗുണ്ടാ നേതാവ് അനൂപ് ശങ്കരന്റെ നഷ്ടപ്പെട്ട ഫോൺ
കായംകുളം കൃഷ്ണപുരം സ്വദേശിയായ അരുൺ പ്രസാദ് പിന്നീട് കായംകുളം പോലീസിന് കൈമാറി. ഈ വിരോധമാണ് അരുണിനെ തട്ടിക്കൊണ്ടുപോകാൻ കാരണം.

കായംകുളം ആക്കനാട് റെയിൽവേ ട്രാക്കിന് സമീപത്ത് എത്തിച്ച യുവാവിനെ ഗുണ്ടാ നേതാവും മറ്റു സംഘങ്ങളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു.
വടിവാൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും കരിങ്കല്ലിന് ചെവിക്ക് അടിക്കുകയും കമ്പിവടി കൊണ്ട് കാൽമുട്ട് അടിച്ചു പൊട്ടിക്കുകയും ചെയ്തു. പ്രതികളുടെ ഫോണിൽ നിന്ന് തന്നെയാണ് പോലീസിനെ ദൃശ്യങ്ങൾ ലഭിച്ചത്.

ക്രൂരമർദ്ദനത്തിൽ വലതു ചെവിയുടെ ഡയഫ്രം പൊട്ടി അരുൺ പ്രസാദിന്റെ ഭാഗികമായി കേൾവി നഷ്ടപ്പെട്ടു. പ്രതികൾ അരുൺ പ്രസാദിന്റെ ഐഫോണും വാച്ചും കവർന്നു. കേസിൽ ഗുണ്ടാ നേതാവ് അനൂപ് ശങ്കർ, അഭിമന്യു സാഗർ,
അമൽ ചിന്തു എന്നിവർ അറസ്റ്റിലായി. 17 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനൂപ് ശങ്കർ. മറ്റു രണ്ടുപേരും നിരവധി കേസുകളിൽ പ്രതികളും നാടുകടത്തപ്പെട്ട ആളുകളുമാണ്. കേസിലെ മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. അക്രമത്തിനെയായ അരുൺ പ്രസാദും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

Advertisement