ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് മുതൽ പുനരാരംഭിക്കും; ഡ്രൈവിംഗ് സ്ക്കൂളുകാരെ സമരത്തിന് ഇളക്കിവിട്ട ഉദ്യോഗസ്ഥരുടെ ലിസ്റ്റ് കിട്ടി, നടപടി ഉണ്ടാകുമെന്ന് ഗതാഗത മന്ത്രി

Advertisement

തിരുവനന്തപുരം:ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പരിഷ്കരണത്തിനെതിരേ ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍ നടത്തിയ ബഹിഷ്കരണ സമരത്തെ തുടർന്ന് അനിശ്ചിതകാലമായി മുടങ്ങിയ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകള്‍ ഇന്ന് മുതൽ പൂർണതോതില്‍ പുനരാരംഭിക്കും.
ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചർച്ചയിലൂടെ പരിഹരിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടർന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പൂർണമായും പുനരാരംഭിക്കാൻ സാധിച്ചിരുന്നില്ല. സാരഥി സോഫ്റ്റ്‌വേയറിലെ തകരാർ മൂലമായിരുന്നു ഇത്.

സങ്കേതിക തകരാർ പൂർണമായും പരിഹരിച്ച്‌ ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്നു മുതൽ പുനരാരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മോട്ടോർ വാഹന വകുപ്പ്.

അതിനിടെ
ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്യാൻ ഡ്രൈവിങ് സ്കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ എണ്ണിവച്ചിട്ടുണ്ട്. അവരെ വേറെ കാര്യം പറഞ്ഞ് പിടിക്കും.
നല്ല ലൈസൻസ് സംവിധാനം കേരളത്തിൽ വേണം. വണ്ടി ഓടിക്കാനറിയുന്നവര്‍ വാഹനമോടിച്ച് റോഡിലിറങ്ങിയാൽ മതിയെന്നായിരുന്നു നിലപാട്. എന്‍റെ നിലപാടിനൊപ്പം നിന്ന പൊതുജനങ്ങളുണ്ട്. അവസാനം ഡ്രൈവിങ് ടെസ്റ്റിനെതിരെ സമരം നടത്തിയ സ്കൂൾ ഉടമകൾ, മന്ത്രി പറയുന്നതാണ് ശരിയെന്ന നിലയിലേക്കെത്തി. സമരക്കാരോട് ചർച്ച ചെയ്ത് സമവായത്തിലെത്തി.

ഒരേസമയം കൂടുതൽ ഡ്രൈവിങ് ലൈസൻസ് പാസാക്കുന്നവരെ സ്ക്വാഡ് പരിശോധിക്കും. ഒറ്റ ദിവസം 126 ലൈസൻസും ഫിറ്റ്‌നെസും ടെസ്റ്റ്‌ ചെയ്ത ഉദ്യോഗസ്ഥർ മോട്ടർ വാഹന വകുപ്പിലുണ്ട്. ഇത് വകുപ്പിനു നാണക്കേടാണ്. റേഷൻ കാർഡ് പോലെ ലൈസൻസ് വാരിക്കൊടുക്കാൻ കഴിയില്ല.

ഡ്രൈവിങ് പരിശീലനം കൂടാതെ കൈതെളിയാൻ സ്‌കൂളുകാർ അധിക തുക വാങ്ങുകയാണ്. ഇത് അംഗീകരിക്കാൻ കഴിയില്ല. കൈതെളിയാതെ വരുന്നവർക്ക് ലൈസൻസ് കൊടുക്കുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് കൈതെളിയും വരെ എഴുതിക്കും. എല്ലാത്തിനും മുകളിൽ ക്യാമറ പോലെ തന്‍റെ കണ്ണുകൾ ഉണ്ടാകും. വെറുതെ പിടിക്കപ്പെട്ട് നടപടി വാങ്ങരുതെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി താക്കീത് നൽകി