ആലപ്പുഴ.കായംകുളത് യുവാവിനെ ക്രൂരമായി മർദിച്ച കേസിൽ
മൂന്നാം പ്രതി രാഹുൽ പിടിയിലായി. വീടിന് സമീപത്തു നിന്ന് കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഓച്ചിറ സ്വദേശി അരുൺ പ്രസാദിനെയാണ് റെയിൽവേ ട്രാക്കിൽ ഇട്ടു ക്രൂരമായി മർദിച്ചത്. ഗുണ്ടാ നേതാവിന്റെ നഷ്ടപ്പെട്ട മൊബൈൽ ഫോൺ പോലീസിന് കൈമാറിയതാണ് വൈരാഗ്യത്തിന് കാരണം.
പ്രതികൾ തന്നെ ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണ് പുറത്തുവന്നത്. കേസിൽ സഹോദരങ്ങൾ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കായംകുളം ആക്കനാട് റെയിൽവേ ട്രാക്കിന് സമീപത്ത് എത്തിച്ച യുവാവിനെ ഗുണ്ടാ നേതാവും മറ്റു സംഘങ്ങളും ചേർന്ന് ക്രൂരമായി മർദ്ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വടിവാൾ ഉപയോഗിച്ച് മുറിവേൽപ്പിക്കുകയും കരിങ്കല്ലിന് ചെവിക്ക് അടിക്കുകയും കമ്പിവടി കൊണ്ട് കാൽമുട്ട് അടിച്ചു പൊട്ടിക്കുകയും ചെയ്തു. മറ്റൊരു കേസിൽ പിടിയിലായപ്പോഴാണ് ഒന്നാം പ്രതി അനൂപ് ശങ്കറിന്റെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. ഇതോടെ കേസിൽ ഗുണ്ടാ നേതാവ് അനൂപ് ശങ്കർ,
ഇയാളുടെ അനിയൻ അഭിമന്യു സാഗർ, നാലാം പ്രതി
അമൽ ചിന്തു എന്നിവർ അറസ്റ്റിലായി. മൂന്നാം പ്രതി രാഹുലിനെ ഇന്നലെ അർധരാത്രിയോടെയാണ് വീട്ടിനു സമീപത്തുനിന്ന് പോലീസ് പിടികൂടിയത്. അരുൺ പ്രസാദിന്റെ ചെവിയിൽ കരിങ്കല്ല് കൊണ്ട് അടിച്ചത് രാഹുലാണ്. അടിയിൽ വലത് ചെവിയുടെ ഡയഫ്രം പൊട്ടുകയും
കേൾവി ശക്തി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിരുന്നു.
കായംകുളം കൊറ്റംകുളങ്ങരയിൽ വാറണ്ട് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം രാത്രി കായംകുളം പോലീസും യുവാക്കളുമായി സംഘർഷം ഉണ്ടായി. കടത്തിണ്ണയിൽ ഇരുന്ന് ഗുണ്ടാ നേതാവ് പുകവലിച്ചത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. ഇതിനിടയിൽ ഗുണ്ടാ നേതാവിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു.
ഗുണ്ടാ നേതാവ് അനൂപ് ശങ്കരന്റെ നഷ്ടപ്പെട്ട ഫോൺ
കായംകുളം കൃഷ്ണപുരം സ്വദേശിയായ അരുൺ പ്രസാദ് പിന്നീട് കായംകുളം പോലീസിന് കൈമാറി. ഈ വിരോധമാണ് അരുണിനെ തട്ടിക്കൊണ്ടുപോകാൻ കാരണം.