വാർത്താനോട്ടം

Advertisement

2024 മെയ് 21 ചൊവ്വ

🌴 കേരളീയം 🌴

🙏 അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന അഞ്ചുവയസുകാരി മരിച്ചു. മലപ്പുറം മുന്നിയൂര്‍ സ്വദേശി ഫത്വയാണ് മരിച്ചത്. ഒരാഴ്ചയായി കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ചികിത്സയിലായിരുന്നു. മലപ്പുറം കടലുണ്ടി പുഴയില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം.

🙏സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് മണിയാറന്‍കുടി സ്വദേശി വിജയകുമാര്‍ (24) മരിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണം. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. . മരണ കാരണം സ്ഥിരീകരിച്ചുള്ള റിപ്പോര്‍ട്ട് ഇന്നലെയാണ് ലഭിച്ചത്.

🙏 ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത സംഭവത്തില്‍ ന്യായീകരണവുമായി പി ജയരാജന്‍. ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്. പാനൂര്‍ ചെറ്റക്കണ്ടിയില്‍ ജീവസമര്‍പ്പണം നടത്തിയവര്‍ക്കായുള്ള അനുസ്മരണ പരിപാടി തുടരുമെന്നും പി ജയരാജന്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

🙏 ബിലിവേഴ്സ് ഈസ്റ്റേണ്‍ സഭ പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ പൊതുദര്‍ശനം തിരുവല്ലയിലെ സഭാ ആസ്ഥാനത്ത്. നാല് ഘട്ട ശുശ്രൂഷ ചടങ്ങുകള്‍ പൂര്‍ത്തിയായി.
ഇന്ന് രാവിലെ 11 മണിക്ക് സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ ആണ് സംസ്‌കാരം.

🙏കോടതിയലക്ഷ്യ കേസില്‍ കെ സുധാകരന്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണ ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതാണ് എന്ന പരാമര്‍ശമാണ് കേസിന് ആധാരം. 2019 ഓഗസ്റ്റ് മൂന്നിന് ചാവക്കാട് നടത്തിയ പ്രസംഗത്തിലായിരുന്നു ഈ പരാമര്‍ശം. ഇനി കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ല.

🙏 കൊടകര കുഴല്‍പ്പണ കേസില്‍ അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് ഇഡി കോടതിക്ക് മറുപടി നല്‍കിയിരുന്നു. കെ സുരേന്ദ്രന്‍ അടക്കം ആരോപണ വിധേയരായ സംഭവത്തില്‍, എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ല എന്നാരോപിച്ച് ആം ആദ്മി പാര്‍ട്ടിയാണ് കോടതിയെ സമീപിച്ചത്. കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോകുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടതാണ് കേസ്.

🙏 സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു . തിരുവനന്തപുരത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. ഇടുക്കി മണിമലയാറ്റില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി.തിരുവനന്തപുരത്ത് അഗ്‌നിരക്ഷാനിലയത്തിലെ കണ്‍ട്രോള്‍ റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ആവശ്യമായ ഘട്ടത്തില്‍ 0471-2333101 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

🙏 കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 49-50 കിമി വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22-ഓടെ ന്യുന മര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

🙏 ഹൊസ്ദുര്‍ഗില്‍ ഒന്‍പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കുടക് മടിച്ചേരി സ്വദേശിയായ പി.എ സലീമിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ഇയാള്‍ കര്‍ണാടകയിലേക്ക് കടന്നുവെന്നാണ് വിവരം.

🙏 മഹാത്മാഗാന്ധി സര്‍വകലാശാലയും കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് പിന്നാലെ റെക്കോര്‍ഡ് വേഗത്തില്‍ ബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉന്നതവിദ്യാഭ്യാസമേഖലയുടെ കുതിപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു.

🙏 സ്ത്രീകളുടെ ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പുനലൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി കൊല്ലം ഉറുകുന്ന് സ്വദേശി ആഷിക് ബദറുദ്ദീനാണ് പിടിയിലായത്.

🇳🇪 ദേശീയം 🇳🇪

🙏ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പില്‍ 60.09 ശതമാനം പോളിംഗ്. ബംഗാളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്- 73%. മഹാരാഷ്ട്രയിലാണ് കുറവ് പോളിങ്- 48.88%. ബിഹാറില്‍ 52.55%, ജമ്മുകശ്മീരില്‍ 54.21%, ജാര്‍ഖണ്ഡില്‍ 63%, ഒഡീഷയില്‍ 60.72%, ഉത്തര്‍പ്രദേശില്‍ 57.43%, ലഡാക്കില്‍ 67.15% എന്നിങ്ങനെയാണു പോളിങ്.

🙏 ഡല്‍ഹി കരോള്‍ബാഗിലെ മെട്രോ സ്റ്റേഷന് സമീപമുള്ള വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്സിന്റെ എട്ട് സംഘങ്ങള്‍ ചേര്‍ന്നാണ് തീ അണച്ചത്.

🙏 വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമത ബാനര്‍ജിയുടെ ഇളയ അനിയന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായില്ല. അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഹൗറ മണ്ഡലത്തില്‍ ഇന്നലെയാണ് ബബുന്‍ ബാനര്‍ജി വോട്ട് ചെയ്യണ്ടിയിരുന്നത്.

🙏 അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെ മണ്ഡലങ്ങളില്‍ നിന്ന് ആയിരത്തിലധികം പരാതികള്‍ ലഭിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകരാറുകള്‍, പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഏജന്റുമാരെ വിലക്കിയ സംഭവം, പോളിംഗ് ഏജന്റുമാര്‍ക്കെതിരായ ആക്രമണം എന്നിവ സംബന്ധിച്ച പരാതികളാണ് ലഭിച്ചിരിക്കുന്നത്.

🙏 ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അപായപ്പെടുത്തുമെന്ന് ദില്ലി മെട്രോയില്‍ ചുവരെഴുത്ത്. മെട്രോ പട്ടേല്‍ നഗര്‍ സ്റ്റേഷനിലും, മെട്രോ കോച്ചിന് അകത്തുമാണ് ചുവരെഴുത്ത്. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ആം ആദ്മി പാര്‍ട്ടി വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കി.

🙏 ശ്രീലങ്കന്‍ സ്വദേശികളായ നാല് ഐ എസ് ഭീകരരെ എടിഎസ് ഗുജറാത്തില്‍ പിടികൂടി. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ശ്രീലങ്കയില്‍ നിന്നും ചെന്നൈ വഴിയാണ് ഇവര്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയത്. ഭീകരവിരുദ്ധ സേന ഇവരെ ചോദ്യം ചെയ്യുകയാണ്.

🙏 മദ്യനയ കേസില്‍ മുന്‍ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. സിബിഐയും ഇഡിയും രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷയില്‍ ഈമാസം 14നാണ് വാദം പൂര്‍ത്തിയായത്.

🙏 ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും, വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ഇന്ന് ഒരു ദിവസത്തേക്ക് ദുഖാചരണം. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ഏറ്റവും അടുത്ത സൗഹൃദ രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍. ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നത്തെ എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമുണ്ട്.

കായികം 🏏

🙏 ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ടി20 വിഭാഗത്തില്‍ ലോക റെക്കോഡോടെ സ്വര്‍ണം നേടി ഇന്ത്യയുടെ ദീപ്തി ജീവന്‍ജി. ഈ ഇനത്തിലെ പുതിയ ലോക റെക്കോഡ് ഇന്ത്യന്‍ താരത്തിനൊപ്പം നില്‍ക്കും.

🙏 ഏഷ്യന്‍ റിലേ ചാമ്പ്യന്‍ഷിപ്പില്‍ 4×400 മീറ്റര്‍ മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് ദേശീയ റെക്കോഡോടെ സ്വര്‍ണം. ഇന്നലെ ബാങ്കോക്കില്‍ നടന്ന കന്നി ചാമ്പ്യന്‍ഷിപ്പിലാണ് ഇന്ത്യന്‍ താരങ്ങളുടെ നേട്ടം. മുഹമ്മദ് അജ്മല്‍, ജ്യോതികശ്രീ ദന്ദി, അമോജ് ജേക്കബ്, സുഭ വെങ്കടേഷന്‍ എന്നിവര്‍ ദേശീയ റെക്കോഡോടെ ലക്ഷ്യത്തിലെത്തി.

🙏 ഐപിഎല്ലില്‍ ഇന്ന് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സണ്‍റൈസേഴ്സ് ഹൈദരാബാദുമായി ഏറ്റുമുട്ടും. നാളെ നടക്കുന്ന എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ രാജസ്ഥാന്‍ റോയല്‍സുമായി എറ്റുമുട്ടും. ആദ്യ ക്വാളിഫയറിലെ വിജയികള്‍ നേരിട്ട് ഫൈനലിലെത്തുമ്പോള്‍ തോല്‍ക്കുന്നവര്‍ രാജസ്ഥാന്‍ – ബാംഗ്ലൂര്‍ എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും. ഇതില്‍ വിജയിക്കുന്നവര്‍ 26ന് ചെന്നൈയില്‍ നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും.

Advertisement