പോത്തൻകോട് വീടിൻ്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

Advertisement

കേരള തീരത്തും ചക്രവാതചുഴി. സംസ്ഥാനത്ത് മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മഴ കനക്കും. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ റെഡ് അലർട്ട്. തിരുവനന്തപുരം പോത്തൻകോട് വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ശക്തമായ കാറ്റിലും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും.

മഴ തകർത്തു പെയ്ത തിരുവനന്തപുരത്ത് മഴക്കെടുതിയിൽ ഒരു മരണം കൂടി. തിരുവനന്തപുരം പോത്തൻകോട് വീടിൻ്റെ ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു.പോത്തൻകോട് ഇടത്തറ സ്വദേശി ശ്രീകല ആണ് മരിച്ചത്. രാവിലെ 9.30 യോടെ
മഴയിൽ കുതിർന്നിരുന്ന പഴയ വീടിൻ്റെ ചുമർ ഇടിഞ്ഞ് വീഴുകയായിരുന്നു. വിറകെടുക്കാൻ ഇറങ്ങിയപ്പോഴോണ് അപകടം.വീട്ടുകാരും അയൽവാസികളും ചേർന്ന് തകർന്ന ചുമരിനടിയിൽ നിന്ന് ശ്രീകലയെ മെഡി കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബംഗാൾ ഉൾകടലിനു പുറമെ അറബികടലിൽ വടക്കൻ കേരള തീരത്തും ചക്രവാതചുഴി നിലനിൽക്കുന്നതിനാൽ അടുത്ത 3 ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴകനക്കും . ഇന്ന് 14 ജില്ലകളിലും മഴമുന്നണിപ്പുണ്ട്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, ജില്ലകളിൽ റെഡ് അലർട്ട്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ടയിൽ നാളെയും റെഡ് അലർട്ട് ഉണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

മഴ മാറി നിൽക്കുന്നതോടെ തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് ശമനമുണ്ട്. എന്നാൽ ചാല ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം പൂർണമായി ഇറങ്ങിയിട്ടില്ല. മഴ വീണ്ടും ശക്തി പ്രാപിച്ചാൽ നഗരം വെള്ളക്കെട്ടിലാവുമെന്ന ആശങ്ക നിലനിൽക്കുന്നു. നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനായി
ജില്ലയുടെ ചുമതലയുള്ള മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ ജില്ലയിലെ സാഹചര്യം വിലയിരുത്തി.ഭാരതപ്പുഴയിൽ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ 5 ഷട്ടറുകൾ ഉയർത്തി.പുഴയിൽ ജലനിരപ്പ് വർധിച്ചതിനാലാണ് 50 സെന്റി മീറ്റർ വീതം ഷട്ടറുകൾ ഉയർത്തിയത്.പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement