ചിങ്ങോലി ജയറാം വധക്കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം

Advertisement

ആലപ്പുഴ: മാവേലിക്കര ചിങ്ങോലി ജയറാം വധക്കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം. ചിങ്ങോലി തറവേലിക്കകത്ത് പടീറ്റതില്‍ ഹരികൃഷ്ണന്‍ (ഹരീഷ് -36), കലേഷ് ഭവനത്തില്‍ കലേഷ് (33) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികള്‍ക്ക് ഓരോ ലക്ഷം രൂപ പിഴയും വിധിച്ചു.
മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട ജയറാമിന്റെ അമ്മയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. 2020 ജൂലായ് 19-ന് രാത്രി 7.30-നാണ് നെടിയാത്ത് പുത്തന്‍വീട്ടില്‍ ജയറാമി(31) നെ കൊലപ്പെടുത്തുന്നത്. ചിങ്ങോലി പഴയ വില്ലേജ് ഓഫീസിനു വടക്കുവശത്തുള്ള ബേക്കറിക്ക് മുന്നില്‍ വെച്ചാണ് കൊലപാതകം നടന്നത്.
പ്രതികള്‍ ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം കുറ്റക്കാരാണെന്ന് കോടതി ശനിയാഴ്ച കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ജയറാമിന്റെ സുഹൃത്തുക്കളാണ് പ്രതികള്‍ ഇരുവരും. ജയറാമും പ്രതികളും കോണ്‍ക്രീറ്റ് ജോലികള്‍ ചെയ്യുന്നവരാണ്. പ്രതികളുടെ സുഹൃത്തായ മറ്റൊരാള്‍ ജോലിക്കു വിളിക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

Advertisement