കൊച്ചി.പെരിയാറിൽ മീനുകൾ ചത്തുപൊങ്ങാൻ ഇടയായ സംഭവത്തിൽ ജില്ലാ കളക്ടർ പ്രഖ്യാപിച്ച അന്വേഷണം ഇന്ന് ആരംഭിക്കും. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് കളക്ടറുടെ നിർദ്ദേശം. അന്വേഷണസംഘം പ്രശ്നബാധിത മേഖലകളിൽ നേരിട്ടെത്തി പരിശോധന നടത്തും. പാതാളം റെഗുലേറ്റർ കം ബ്രിഡ്ജ് മുതൽ 10 കിലോമീറ്ററോളം ദൂരത്തിലാണ് മീനുകൾ ചത്തുപൊങ്ങിയത്. ഇടയാർ വ്യവസായ മേഖലയിലെ ഫാക്ടറികളിൽ നിന്നും പുറന്തള്ളിയ വിഷ ജലമാണ് പ്രശ്നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിഷജലം തള്ളിയ കമ്പനിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണ് മത്സ്യ കർഷകർക്ക് ഉണ്ടായത്. പ്രശ്നത്തിലെ തുടർനടപടികൾ ആലോചിക്കാൻ വരാപ്പുഴ പഞ്ചായത്തിൽ ഇന്ന് അടിയന്തര യോഗം ചേരും. ജനപ്രതിനിധികൾക്ക് പുറമെ മത്സ്യ കർഷകരും വിവിധ സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. നഷ്ടപരിഹാരം നൽകുന്നതിൽ ഉൾപ്പെടെ സർക്കാർ ഇടപെടലാണ് മത്സ്യ കർഷകരുടെ ആവശ്യം. അതേസമയം, ചത്തുപൊങ്ങിയ മീനുകൾ മാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻതന്നെ ചികിത്സ തേടണമെന്നും നിർദ്ദേശമുണ്ട്.