ബിജെപി പ്രവേശന ആരോപണത്തിന് പിന്നില്‍ ഗൂഡാലോചന, ഇപി ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്

Advertisement

തിരുവനന്തപുരം. ബി.ജെ.പി പ്രവേശന ആരോപണത്തിന് പിന്നില്‍ ഗൂഡാലോചനയെന്ന ഇ.പി.ജയരാജന്റെ പരാതിയില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്.അന്വേഷണം വേണമെങ്കില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ കോടതിയെ സമീപിക്കണമെന്നാണ് പോലീസ് നിലപാട്.ഇതടക്കം നിർദ്ദേശിച്ചു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.കെ.പി.സി.സി അധ്യക്ഷൻ കെ,സുധാകരൻ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർക്കെതിരെയായിരുന്നു ഇ.പി ജയരാജന്റെ പരാതി.

ടി.ജി.നന്ദകുമാറിനൊപ്പം പ്രകാശ് ജാവഡേക്കര്‍ മകന്റെ ഫ്ളാറ്റിലെത്തി തന്നെ കണ്ടതും പിന്നീട് ശോഭ സുരേന്ദ്രന്‍ ബി.ജെ.പി പ്രവേശനമെന്ന ആരോപണം ഉന്നയിച്ചതും ഗൂഡാലോചനയാണെന്നും അതുവഴി മാനഹാനിയുണ്ടായെന്നുമായിരുന്നു ഇ.പി ജയരാജൻ ഡിജിപിക്കു നൽകിയ പരാതി.ഇ.പി.ജയരാജന്‍ ബി.ജെ.പിയില്‍ ചേരാനായി ചര്‍ച്ച നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ ആരോപണം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലിയ ചർച്ചയായി.വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെ എല്ലാം ഗൂഡാലോചനയെന്നായിരുന്നു ഇ.പിയുടെ മറുവാദം.പിന്നാലെ സി.പി.ഐ.എം ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.എന്നാൽ പരാതിയിൽ കേസെടുക്കാനാവില്ലെന്ന നിഗമനത്തോടെ എഴുതിതള്ളാനാണു പോലീസ് നീക്കം.

മാനഹാനിക്കും ഗൂഡാലോചനക്കും പൊലീസിന് നേരിട്ട് കേസെടുക്കാനാവില്ല,കോടതി നിര്‍ദേശിച്ചാല്‍ മാത്രമാണ് അന്വേഷണ സാധ്യതയെന്നുമാണ് പ്രാഥമിക അന്വേഷണം നടത്തിയ കഴക്കൂട്ടം എ.സി.പിയുടെ റിപ്പോര്‍ട്ട്.
ഇ.പിയുടെയും മകന്റെയും മൊഴി രേഖപ്പെടുത്തിയ പോലീസ് ആരോപണ വിധേയരുടെ മൊഴി
രേഖപ്പെടുത്തിയിട്ടില്ല.അന്തിമ റിപ്പോര്‍ട്ട് ഉടന്‍ കഴക്കൂട്ടം എ.സി.പി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കും.

Advertisement