നിനോയുടെ വധശിക്ഷ,അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം ആറ്റിങ്ങല്‍ ഇരട്ടക്കൊല അപ്പീലില്‍ ഇന്ന് വിധി

Advertisement

കൊച്ചി. ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഒന്നാംപ്രതി നിനോ മാത്യൂവിന്റെ വധശിക്ഷ ശരിവെയ്ക്കുന്നതില്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനമെടുക്കും. ഇരട്ടജീവപര്യന്തം ചോദ്യം ചെയ്ത് രണ്ടാംപ്രതി അനുശാന്തി നല്‍കിയ അപ്പീലിലും ഹൈക്കോടതി വിധി പറയും. ജസ്റ്റിസുമാരായ പിബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് വിധി പ്രസ്താവിക്കുന്നത്. അനുശാന്തിയുടെ മൂന്നരവയസുകാരി മകളെയും ഭര്‍ത്താവിന്റെ മാതാവിനെയുമാണ് സുഹൃത്തായ നിനോ മാത്യൂ വെട്ടിക്കൊലപ്പെടുത്തിയത്.

2016 ഏപ്രില്‍ പതിനാറിനായിരുന്നു ആറ്റിങ്ങലിലെ ഇരട്ടക്കൊലപാതകം. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു ഒന്നാം പ്രതി നിനോ മാത്യൂവും രണ്ടാം പ്രതി അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാന്‍ തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. സ്വന്തം മകളെ കൊലപ്പെടുത്താന്‍ കൂട്ടുനിന്ന അനുശാന്തി മാതൃത്വത്തിന് അപമാനമാണ് എന്നായിരുന്നു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരാമര്‍ശം. 50 ലക്ഷം രൂപ വീതമാണ് രണ്ട് പ്രതികൾക്കും വിചാരണ കോടതി പിഴശിക്ഷ വിധിച്ചത്