പിണറായി@79

Advertisement

തിരുവനന്തപുരം . മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79 ആം പിറന്നാൾ. പതിവുപോലെ ഇത്തവണത്തെ പിറന്നാൾ ദിനത്തിനും മുഖ്യമന്ത്രിക്ക് ആഘോഷങ്ങൾ ഒന്നുമില്ല. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രിയുടെ കുടുംബം ഉൾപ്പെടെ വിവാദങ്ങളിൽ പെട്ടതിന് ശേഷമുള്ള ആദ്യ പിറന്നാളാണ് ഇതെന്നതും പ്രത്യേകതയാണ്.

പിറന്നാൾ ദിനത്തിൽ മുഖ്യമന്ത്രി തലസ്ഥാന ജില്ലയിൽ ഉണ്ടാവും. മുൻവർഷങ്ങളിലേതു പോലെ ഇത്തവണയും ആഘോഷങ്ങൾ ഒന്നുമില്ല. മന്ത്രിസഭായോഗമാണ് ഇന്നത്തെ പ്രധാന പരിപാടി. ചില പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. മുഖ്യമന്ത്രിയുടെ കുടുംബവുമായി ഉൾപ്പെടെ ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പിറന്നാൾ ദിനം. മകളെ ഉന്നം വച്ചുള്ള മാസപ്പടി വിവാദത്തിൽ കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടായതിന്റെ ആശ്വാസം മുഖ്യമന്ത്രിക്ക് ഉണ്ട്. എന്നാൽ കുടുംബവും ഒന്നിച്ചുള്ള വിദേശയാത്രയുടെ വിവാദത്തെ ചൊല്ലിയുള്ള പൊല്ലാപ്പ് അവസാനിച്ചിട്ടില്ല. വിവാദങ്ങൾ ഒരു വശത്ത് തുടരുമ്പോഴും അതിന് ചെവി കൊടുക്കാത്ത രീതിയാണ് മുഖ്യമന്ത്രിക്ക്.

ഔദ്യോഗിക രേഖകൾ പ്രകാരം 1945 മാർച്ച് 21നാണ് പിണറായി വിജയൻ്റെ പിറന്നാൾ. 1947 മെയ് 24നാണ് യഥാർത്ഥ ജന്മദിനം എന്ന് പിണറായി വിജയൻ തന്നെയാണ് അറിയിച്ചത്. 2016 ൽ ഒന്നാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നതിൻ്റെ തലേ ദിവസമാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയിട്ട് നാളെ എട്ടുവർഷം പൂർത്തിയാക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.