ബാർ കോഴക്ക് നീക്കം: മദ്യനയത്തിൽ ഇളവ് ലഭിക്കാൻ പണം നൽകണമെന്ന് ശബ്ദരേഖ; ഗുഢാലോചനയെന്ന് സംസ്ഥാന പ്രസിഡൻ്റ്

Advertisement

കൊച്ചി:
മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് കാണിച്ച് സംഘടനാ നേതാവിന്റെ ശബ്ദരേഖ പുറത്ത്. കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ പ്രസിഡന്റുമായ അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്ത് വന്നത്. ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദേശം.

രണ്ട് ദിവസത്തിനുള്ളിൽ പണം നൽകണമെന്നാണ് പുറത്തുവന്ന സന്ദേശത്തിൽ നിർദേശിക്കുന്നത്. സംസ്ഥാന പ്രസിഡന്റിന്റെ നിർദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് അനിമോൻ പറയുന്നത്.

ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്ദസന്ദേശത്തിൽ പറയുന്നു. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോൻ പറയുന്നു. സഹകരിച്ചില്ലേൽ നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്ദസന്ദേശം. ഏകീകൃത രൂപത്തിൽ പണപിരിക്കണമെന്ന് അനിമോൻ പറയുന്നുണ്ട്.

ബാർ ഉടമകളുടെ സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ഇന്നലെ കൊച്ചിയിൽ ചേർന്നിരുന്നു. യോഗസ്ഥലത്ത് നിന്നാണ് ശബ്ദസന്ദേശമയക്കുന്നതെന്ന് അനിമോൻ പറയുന്നുണ്ട്. അതേസമയം പണപ്പിരിവിന് നിർദേശം നൽകിയിട്ടില്ലെന്നും ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും സംസ്ഥാന പ്രസിഡന്റ് വി സുനിൽകുമാർ പ്രതികരിച്ചു

.