പുതിയ മദ്യനയത്തിന്റെ മറവില്‍ നടന്നത് കോടികളുടെ കോഴ, എക്‌സൈസ് മന്ത്രി രാജിവയ്ക്കണം,കോണ്‍ഗ്രസ്

Advertisement

തിരുവനന്തപുരം. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ പുറത്തുവന്ന പുതിയ ബാര്‍കോഴ വിവാദം സര്‍ക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. പുതിയ മദ്യനയത്തിന്റെ മറവില്‍ നടന്നത് കോടികളുടെ കോഴയെന്നും എക്‌സൈസ് മന്ത്രി രാജിവയ്ക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധകാരന്‍. കോടികള്‍ പിരിക്കാനുള്ള നീക്കം ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എന്നാല്‍ മദ്യനയവുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകളുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ആരെങ്കിലും പണപ്പിരിവ് ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്നും എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു. വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് ഇടുക്കി എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.കെ.ശിവരാമന്‍ ആവശ്യപ്പെട്ടു.

പുതിയ ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. മദ്യനയത്തില്‍ ഇളവ് വരുത്താന്‍ കോഴ വാങ്ങിയ എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് രാജിവയ്ക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. തെരഞ്ഞെടുപ്പിന് മുമ്പ് വലിയ തുക പിരിച്ചുവെന്നും ഇപ്പോള്‍ ആവശ്യപ്പെടുന്നത് കുടിശികയെന്നും കെ.സുധാകരന്‍.

ബാറുടമകളില്‍ നിന്നും കോടികള്‍ പിരിക്കാനുള്ള നീക്കം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എക്‌സൈസ് മന്ത്രി രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുന്നുമെന്നും വി.ഡി.സതീശന്‍.

മദ്യനയവുമായി ബന്ധപ്പെട്ട് ബാര്‍ ഉടമകളുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം്.ബി.രാജേഷ്. മദ്യനയത്തിന്റെ പേരില്‍ ആരെങ്കിലും പണപ്പിരിവിന് ശ്രമിച്ചാല്‍ ശക്തമായ നടപടിയെടുക്കും. ഡ്രൈ ഡേ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.

പുതിയ ബാര്‍ കോഴ വിവാദത്തില്‍ സര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിടണമെന്ന് എല്‍.ഡി.എഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ കെ.കെ.ശിവരാമന്‍.കേരളത്തില്‍ നടക്കുന്ന ഡല്‍ഹിമോഡല്‍ ബാര്‍ കോഴയാണെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.

Advertisement