തിരുവനന്തപുരം: പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം അഭിഭാഷകനായ എസ്. ജയശങ്കറിനെതിരെ സച്ചിൻ ദേവ് എം എൽ എ നൽകിയ പരാതിയിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. എന്നാൽ കന്റോണ്‍മെന്റ് പൊലീസ് എടുത്ത കേസ്സിൽ അന്വേഷണം തുടരാമെന്നും ഹൈക്കോടതി കോടതി വ്യക്തമാക്കി. മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയറെയും സച്ചിന്‍ദേവ് എംഎല്‍എയെയും പരിഹസിച്ച് ജയശങ്കര്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോയില്‍ ജാതി അധിക്ഷേപം നടത്തിയെന്നാണ് ആരോപണം.
‘നീ ബാലുശ്ശേരി എംഎല്‍എ അല്ലേടാ ഡാഷേ എന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സച്ചിന്‍ദേവിനോട് ചോദിച്ചു എന്ന് സച്ചിന്‍ പരാതി കൊടുത്തിരുന്നെങ്കില്‍ ഡ്രൈവര്‍ കുടുങ്ങിപ്പോയെനെ. പട്ടിക ജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ എന്നൊരു നിയമമുണ്ട്. സച്ചിന്‍ അത്തരത്തില്‍ കേസ് കൊടുത്തിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ഈ അടുത്ത കാലത്തൊന്നും സൂര്യപ്രകാശം കാണാത്ത രീതിയില്‍ ജയിലില്‍ പോയേനെ. എന്നാല്‍ അങ്ങനെ പരാതി കൊടുക്കാന്‍ സച്ചിന്‍ദേവിന് ബുദ്ധി ഉദിച്ചില്ല. അത്രക്കുള്ള വിവേകം സച്ചിന് ആ സമയത്ത് തോന്നിയില്ല’, എന്നാണ് ജയശങ്കര്‍ വീഡിയോയില്‍ പറയുന്നത്. ഇതാണ് പരാതിക്കാധാരം.