ഭരണിക്കാവിൽ 46 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ 5 പ്രതികൾക്ക് തടവും പിഴയും

Advertisement

പിടിയിലായത് വന്‍ സംഘം, പൊലീസിനെ ആക്രമിച്ചും കൂട്ടാളിയെ തട്ടിക്കൊണ്ടുപോയും അതിക്രമം

കൊല്ലം . ഭരണിക്കാവിൽ 46 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിലെ 5 പ്രതികൾക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി 5 ജഡ്‌ജി ബിന്ദു സുധാകരനാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കൊല്ലം ജില്ലയിൽ കുണ്ടറ പേരയം മുളവനയിൽ അശോക മന്ദിരത്തിൽ അശ്വിൻ ( 30), രണ്ടാം പ്രതി കൊട്ടാരക്കര മൈലം വില്ലേജിൽ കോട്ടത്തല തടത്തിൽ ഭാഗം വീട്ടിൽ അഖിൽ കൃഷ്‌ണൻ ( 29), മൂന്നാം പ്രതി ചെങ്ങന്നൂർ താലൂക്കിൽ ക്രിസ്ത്യൻ കോളേജ് നു സമീപം ബോണി എന്ന് വിളിക്കുന്ന ലിബിൻ വർഗീസ് ( 28), നാലാം പ്രതി അടൂർ മണക്കാല ചെറുവിള പുത്തൻ വീട്ടിൽ വിഷ്‌ണു ( 27), അഞ്ചാം പ്രതി കുണ്ടറ വില്ലേജിൽ മുളവന ലാ-മെറ-ഡെയ്ൽ വീട്ടിൽ പ്രതിഷ് തങ്കച്ചൻ ( 38 )എന്നിവരെ ആണ് ശിക്ഷിച്ചത്.

08.05.2022 തീയതി രാത്രി 10.55 മണിക്കായിരുന്നു ആയിരുന്നു സംഭവം. ആന്ധ്രാപ്രദേശിൽ നിന്നും ഒന്നും രണ്ടും പ്രതികൾ KL-03-AB-5511 ഇന്നോവ ക്രിസ്റ്റ കാറിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 46.780 കിലോ ഗ്രാം ഗഞ്ചാവ് ഭരണിക്കാവ് ജംഗ്ഷനിൽ വച്ച് ശാസ്താംകോട്ട പോലീസിന്റെ പരിശോധനയിൽ പിടിയിൽ ആകുകയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന . ഇന്നോവ കാറിന്റെ ടിക്കിയിൽ ഉണ്ടായിരുന്ന ചാക്ക് കെട്ടിലും മറ്റൊരു ബാഗിലുമായി സൂക്ഷിച്ചിരുന്ന ഉദ്ദേശം രണ്ടരക്കിലോവീതം തൂക്കം വരുന്ന 22 പാക്കറ്റ് ഗഞ്ചാവാണ് പിടികൂടിയത്. കൂടാതെ കാറിൻ്റെ ഡാഷ് ബോഡിൽ നിന്നും 85,000 രൂപയും ഒന്നും രണ്ടും പ്രതികളുടെ പാൻ കാർഡുകൾ ഡ്രൈവിംഗ് ലൈസൻസ് മൊബൈൽ ഫോണുകൾ എന്നിവയും സംഭവ സമയം പോലീസ് പിടിച്ചെടുത്തിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് മൂന്നും നാലും അഞ്ചും പ്രതികൾ പിടിയിലാവുന്നത്. കഞ്ചാവ് കടത്തുന്നതിന് ഒന്നും രണ്ടും പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയ കുറ്റത്തിനാണ് മൂന്നും നാലും അഞ്ചും പ്രതികളെ ശിക്ഷിച്ചത്. മൂന്നാംപ്രതി ആന്ധ്രാപ്രദേശിൽ താമസിച്ച് ഒന്നും രണ്ടും പ്രതികൾ ആന്ധ്രാപ്രദേശിൽ എത്തിയ സമയം അവർക്ക് താമസസൗകര്യം ഒരുക്കിക്കൊടുത്തും കുഞ്ചാവ് വാങ്ങി കൊടുക്കുന്നതിനുള്ള സഹായം ചെയ്‌തും, നാലാംപ്രതി അടൂരിൽ നിന്നും ഇന്നോവ ക്രിസ്റ്റ കാർ വാടകയ്‌ക്കെടുത്ത് ഒന്നും രണ്ടും പ്രതികൾ ബാംഗ്ലൂരിലെത്തിയ സമയം ബാംഗ്ലൂരിൽ ഇന്നോവ കാർ എത്തിച്ചു നൽകുകയും ചെയ്ത്‌ കുണ്ടറ സ്വദേശിയായ അഞ്ചാം പ്രതിക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ഒന്നും രണ്ടും പ്രതികൾ കുഞ്ചാവ് വാങ്ങി കടത്തിക്കൊണ്ടു വന്നത്.

അന്വേഷണത്തിന് ഭാഗമായി നിരവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചും പ്രതികൾ ഒന്നാം പ്രതിയുടെ ഭാര്യയുടെ പേരിലുള്ള ബാങ്ക്
അക്കൗണ്ട് ഉപയോഗിച്ചായിരുന്നു. പണം കൈമാറ്റം നടത്തിയിരുന്നത് കണ്ടെത്തി പ്രതികൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് വിവരങ്ങൾ ശേഖരിച്ചത് ഈ കേസിലെ അന്വേഷണത്തിൽ നിർണായകമായി. കൂടാതെ പ്രതികൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി നടത്തിയ വോയിസ് ചാറ്റുകളും മെസേജുകളും കണ്ടെത്തി ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയത് കേസിലെ ഗൂഢാലോചന തെളിയിക്കുന്നതിലേക്ക് സഹായകരമായി. അറസ്റ്റ് ചെയ്ത അന്നുമുതൽ അഞ്ച് പ്രതികളും ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ് പ്രതികൾ ജാമ്യത്തിനായി പലതവണ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യം നിഷേധിക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡി വിചാരണയ്ക്ക് ഒഹൈക്കോടതി ഉത്തരവിട്ടു. ഈ കേസിൽ രണ്ടു കുറ്റപത്രം ആണ് പോലീസ് നൽകിയത്.

ആന്ധ്രപ്രദേശിൽ ഒളിവിൽ താമസിച്ചിരുന്ന മൂന്നാം പ്രതിയെ അറസ്റ്റുചെയ്യാൻ വൈകിയതിനാൽ ഒന്നും രണ്ടു പ്രതികൾക്കെതിരെ ആദ്യം കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. ഈ കേസിൻ്റെ വിചാരണയിൽ 75 സാക്ഷികളെ വിസ്തരിക്കുകയും 10 തൊണ്ടിമുതലുകൾ പോലീസ് ഹാജരാക്കുകയും ചെയ്തു. ശാസ്താംകോട്ട സബ് ഇൻസ്പെക്ടറായിരുന്ന രാജൻ ബാബുവാണ് കഞ്ചാവ് പിടികൂടുകയും ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയത്. തുടർന്ന് അന്വേഷണം കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശാസ്താംകോട്ട ഡിവൈഎസ്‌പിക്ക് കൈമാറുകയായിരുന്നു. ശാസ്താംകോട്ട ഡിവൈഎസ്‌പി ആയിരുന്ന എസ് ഷെരീഫ് ആണ് മൂന്നും നാലും അഞ്ചും പ്രതികളെ അറസ്റ്റ് ചെയ്യുകയും അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത്. ശാസ്താംകോട്ട പോലിസ് സ്റ്റേഷൻ എസ് എച്ച് ഓ അനൂപ്, ഈസ്റ്റ്കല്ലട പോലീസ് സ്റ്റേഷനിലെ എസ് ഐ അനീഷ് ബി, ശാസ്താംകോട്ട ഡിവൈഎസ്‌പി ഓഫീസിലെ എസ്. സി. പി. ഓ ജയകുമാർ. വി എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് വിനു കരുണാകരൻ, അഡ്വക്കേറ്റ് നിയാസ് കെ, അഡ്വക്കേറ്റ് ജയ കമലാസനൻ എന്നിവർ ഹാജരായി, ലീഗൽ എയ്ഡ് ആയി എസ് സി പിഒ അനിൽകുമാറും ഉണ്ടായിരുന്നു.

കഞ്ചാവ് കടത്തിന് പിന്നാലെ തട്ടിക്കൊണ്ടുപോകലും

ഭരണിക്കാവിൽ 46 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കെതിരെ മാത്രമാണ് ആദ്യം പോലീസ് കുറ്റപത്രം സമർപ്പിച്ചത്. മൂന്നാംപ്രതി ആന്ധ്രപ്രദേശിൽ ഒളിവിൽ ആയതിനാൽ ആദ്യം അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ മൂന്നാം പ്രതിയാണ് പോലീസിന് ഒന്നും രണ്ട് പ്രതികളെ ഒറ്റിക്കൊടുത്തത് എന്നുള്ള വൈരാഗ്യത്തിൽ കാർ വാടകയ്ക്ക് എടുത്ത് കൊടുത്ത നാലാംപ്രതി മൂന്നാം പ്രതിയോട് കുഞ്ചാവ് കടത്തിയ 20 ലക്ഷം രൂപ വിലയുള്ള ഇന്നോവ കാറിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു എന്നാൽ മൂന്നാംപ്രതി പോലീസ് പിടികൂടും എന്നുള്ളതുകൊണ്ട് നാട്ടിൽ വന്നാൽ നാലും അഞ്ചും പ്രതികളുടെ


നേത്യത്വത്തിലുള്ള സംഘം തന്നെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടുമെന്ന് മനസ്സിലാക്കി ആന്ധ്രപ്രദേശിൽ തന്നെ ഒളിവിൽ തുടരുകയായിരുന്നു. എന്നാൽ അഞ്ചാം പ്രതിയുടെ സുഹൃത്തിനെ ഉപയോഗിച്ച് മൂന്നാം പ്രതിയെ നാലും അഞ്ചും പ്രതികൾ തന്ത്രപൂർവ്വം എറണാകുളത്തേക്ക് വിളിച്ചുവരുത്തി. എറണാകുളത്ത് എത്തിയ മൂന്നാം പ്രതിയെ തൻറെ കാമുകിയോടൊപ്പം ഇൻഫോപാർക്കിൽ നിന്നുള്ള ഫ്ലാറ്റിൽ നിന്നും പുറത്തേക്ക് വരവേ എറണാകുളം ഇൻഫോപാർക്കിന് അടുത്തുവച്ച് രണ്ട് കാറിലെത്തിയ നാലും അഞ്ചും പ്രതികളുടെ നേതൃത്തത്തിലുള്ള പതിനൊന്നംഗ സംഘം മൂന്നാം പ്രതിയെ പിടികൂടി കാറിൽ കയറ്റി അഞ്ചാം പ്രതിയുടെ സ്വദേശമായ കുണ്ടറ പടപ്പക്കരയിൽ കുണ്ടു വന്ന് കഴുത്തിൽ കയറിട്ട് മുറുക്കി ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിക്കുകയും അവിടെനിന്നും അടൂർ പി. ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ കൊണ്ടുപോവുകയും അവിടെവച്ച് ക്രൂരമായി മർദ്ദിക്കുകയും മൂന്നാം പ്രതിയുടെ ബന്ധുക്കളെ വിളിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിൽ മൂന്നാം പ്രതിയുടെ കാമുകിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഇൻഫോപാർക്ക് പോലീസ് അടൂരിൽ എത്തി മൂന്നാം പ്രതിയെ മോചിപ്പിക്കുകയും നാലും അഞ്ചും പ്രതികൾ ഉൾപ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് ഇൻഫോപാർക്ക് പോലീസ് തട്ടിക്കൊണ്ടുപോകൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കുറ്റത്തിന് നാലും അഞ്ചും പ്രതികളുടെ നേതൃത്വത്തിലുള്ള പതിനൊന്നംഗ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്നാം പ്രതിയെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച കേസിലെ പ്രതികളായ പടപ്പക്കര സ്വദേശികളായ ആൻറണി ദാസ് ചെങ്കീരി ഷൈജു എന്നിവരെ കുണ്ടറ പടപ്പക്കരയിൽ അറസ്റ്റ് ചെയ്യാൻ വന്ന സമയം ഇൻഫോപാർക്ക് ഇൻസ്പെക്ട‌ർ വിപിൻദാസ് നെതിരെ പ്രതികൾ വാള് വീശി ആക്രമിക്കാൻ ചെല്ലുകയും പോലീസിന് നേരെ വെടിയുതിർത്ത് പ്രതികൾ രക്ഷപ്പെടുകയും ചെയ്ത‌ിരുന്നു. പിന്നീട് പ്രതികളെ കുണ്ടറ പോലീസ് പിടികൂടി ഇൻഫോപാർക്ക് പോലീസിന് കൈമാറി.