ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ സംസ്ഥാന വ്യാപക പരിശോധനയിൽ 52 സ്ഥാപനങ്ങൾക്കെതിരെ നടപടി. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ്രങ്ങളിൽ പരിശോധന നടത്തി. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവര്‍മ്മ വ്യാപാരം നിര്‍ത്തി വയ്പിച്ചു. 108 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും നല്‍കി. പാര്‍സലില്‍ ലേബല്‍ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
ഷവര്‍മ്മ നിര്‍മ്മാണത്തില്‍ കടയുടമകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഏപ്രില്‍ മാസം 4545 പരിശോധനകള്‍ നടത്തിയതായും, വിവിധയിനത്തില്‍ 17,10,000 രൂപ പിഴ ഈടാക്കിയതായും മന്ത്രി അറിയിച്ചു.