വെള്ളപ്പൊക്ക ഭീഷണി തോട്ടപ്പള്ളി പൊഴിമുറിക്കല്‍ ആരംഭിച്ചു

Advertisement

ആലപ്പുഴ.വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് തോട്ടപ്പള്ളിയിൽ പൊഴിമുറിക്കുന്ന ജോലി ജലവിഭവ വകുപ്പ് ആരംഭിച്ചു. ഇന്നു രാവിലെ കൂടുതൽ യന്ത്രങ്ങൾ എത്തിച്ചു. നീരൊഴുക്ക് കുറവാണെങ്കിലും സ്പില്‍വേയിലെ 40 ഷട്ടറുകളിൽ 39 ഷട്ടറുകളും ഉയർത്തി. 240 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും 3 മീറ്റർ ആഴത്തിലുമാണ് പൊഴിമുറിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത്.

ഇന്നലെ വൈകിട്ട് പൊഴിയിൽ ചാല് കീറി മണൽ നീക്കി തുടങ്ങിരുന്നു. മന്ത്രി പി പ്രസാദ് പങ്കെടുത്ത യോഗത്തിലാണ് അടിയന്തരമായി പൊഴി മുറിക്കാൻ തീരുമാനിച്ചത്.
പൊഴി മുറിക്കുന്നത് ഇറിഗേഷൻ വകുപ്പ് ആണെങ്കിലും മണൽ വാരുന്നതിനും നീക്കുന്നതിനും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ IREL ആണ് കരാർ എടുത്തിട്ടുള്ളത്. കഴിഞ്ഞ നാല് വർഷമായി കേരള മിനറൽസ് ആൻഡ് മെറ്റൽസ് ആണ് മണൽ നീക്കം ചെയ്തിരുന്നത്. മണലെടുപ്പിന്റെ പേരിൽ നടക്കുന്നത് കരിമണൽ ഖനനം ആണെന്നാണ് ഉയരുന്ന ആരോപണം. തോട്ടപ്പള്ളിയിൽ കരിമണൽ വിരുദ്ധ ഖനന ഏകോപന സമിതി നടത്തുന്ന സത്യാഗ്രഹം 1080 ദിവസം പിന്നിട്ടു.

പൊഴി മുറിക്കൽ നടപടി പൂർണതോതിൽ എത്താൻ ഒരാഴ്ചയെങ്കിലും എടുക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വേനൽ മഴയിൽ തന്നെ കുട്ടനാട്ടിൽ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞ് റോഡുകളിലേക്കും വീടുകളിലേക്കും എത്തി. കുട്ടനാട്ടിലെ ജലവും പമ്പ മണിമല, അച്ചൻകോവിൽ ആറുകളിലെ ജലവും തോട്ടപ്പള്ളി പൊഴിവഴി അറബിക്കടലിലേക്ക് ഒഴുക്കി വിടാൻ ആകും. അതേസമയം ലീഡിങ് ചാനൽ സ്പിൽവേ കനൽ എന്നിവിടങ്ങളിലെ മണൽ നീക്കം പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.