ഗൂഗിൾ മാപ്പ് നോക്കി വഴി കണ്ടു പിടിച്ച് യാത്ര ചെയ്യാമെന്ന ആത്മവിശ്വാസം പുതിയതലമുറയ്ക്ക് നല്‍കിയ സ്വാതന്ത്ര്യവും കരുത്തും അളന്നാല്‍ തീരില്ല. ദുർഘടമായ വഴികളിൽ ഗൂഗിൾ മാപ്പ് സഹായിക്കുന്നുമുണ്ട്.പലയിടത്തും അതിശയകരമായ തരത്തില്‍ ആളെ എത്തിക്കുന്നുണ്ട്. എന്നാൽ മാപ്പ് നോക്കി വഴി തെറ്റി അപകടങ്ങളുണ്ടാകുന്നതും പതിവാണ്. പ്രത്യേകിച്ച് മഴക്കാലത്ത്.. മാപ്പിന്റെ സഹായത്തോടെയുള്ള യാത്രയിൽ ജാഗ്രത വേണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശവുമുണ്ട്.
പുതിയ കാലത്തിന്റെ രീതിയാണ് ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്ര.വഴി പച്ചവെള്ളം പോലെ അറിയുന്ന ഡ്രൈവറന്മാര്‍ ഔട്ട് ഓഫ് ഫാഷനായി .പരിചിതമല്ലാത്ത വഴികളിലൂടെ സഞ്ചരിക്കുമ്പോൾ മാപ്പ് ഒരു പരിധി വരെ സഹായിക്കുന്നുണ്ടെന്നെതിലും സംശയമില്ല.. എന്നാൽ കാലാവസ്ഥ പ്രതികൂലമാകുമ്പോൾ മാപ്പ് ചതിക്കാനുള്ള സാധ്യത ഏറെയാണ്
ഗൂഗിൾ മാപ്പിന്റെ വഴികൾ എപ്പോഴും സുരക്ഷിതമല്ല.. പ്രത്യേകിച്ച് മഴയും മഞ്ഞുമുള്ള കാലാവസ്ഥയിൽ മാപ്പ് വഴി തെറ്റിച്ചെന്നിരിക്കും. ഗൂഗിൾ മാപ്പിനെ ആശ്രയിച്ച് വഴി തെറ്റി അപകടമുണ്ടായി മരണം സംഭവിച്ചതും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എറണാകുളത്ത് യുവ ഡോക്ടര്‍ മരിച്ചത് അടുത്തകാലത്താണ്. കോട്ടയം കുറുപ്പന്തറയിൽ മാപ്പ് നോക്കി സഞ്ചരിച്ച വിദ്യാർത്ഥികൾ തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായെന്നതാണ് ഇന്നത്ത വാർത്ത.. വലിയ അപകടമൊഴിവായത് തലനാരിഴയ്ക്ക്… എന്നാൽ എല്ലാ തവണയും അപകടങ്ങളിൽ ഭാഗ്യം രക്ഷകനാകണമെന്നില്ല.. പതിയിരിക്കുന്ന ഇത്തരം അപകടങ്ങളിൽ ശ്രദ്ധ വേണമെന്ന് മോട്ടോർ വാഹന വകുപ്പ് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.
ട്രാഫിക് കുറവുള്ള റോഡുകളെ മാപ്പിന്റെ അല്‍ഗോരിതം എളുപ്പം എത്തുന്ന വഴിയായി കാണിക്കാറുണ്ട്. എന്നാല്‍ തിരക്ക് കുറവുള്ള റോഡുകള്‍ എപ്പോഴും സുരക്ഷിതമല്ല. തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും യാത്ര സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞതും സുഗമ സഞ്ചാരം സാധ്യമല്ലാത്ത അപകടങ്ങള്‍ നിറഞ്ഞ നിരത്തുകളിലും തിരക്ക് കുറവുള്ളതിനാല്‍ ഗൂഗിളിന്റെ അല്‍ഗോരിതം അതിലേ നയിച്ചേക്കാം. അത് ലക്ഷ്യ സ്ഥാനത്തെത്തിക്കില്ലെന്ന് മാത്രമല്ല അപകടങ്ങളിൽ കൊണ്ടു ചെന്ന് ചാടിക്കാം.. യാത്രയ്ക്കിടയിൽ ജി പി എസ് നഷ്ടപ്പെടുന്നതും വഴി തെറ്റിക്കാം.. സിഗ്നൽ നഷ്ടപ്പെടുന്ന റൂട്ടുകളിൽ ആദ്യമേ റൂട്ടുകൾ ഡൗൺലോഡ് ചെയ്തിടുന്നതും നന്നാകും. മാപ്പിലെ യാത്രാ രീതി മാറി തെരഞ്ഞെടുക്കുന്നതും വഴി തെറ്റാൻ കാരണമാകുന്നുണ്ട്. ചിസ നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഗൂഗിള്‍ നിര്‍ദ്ദേശം നല്‍കാതിരിക്കാം. ടൂ വീലർ സഞ്ചരിക്കുന്ന വഴിയിലൂടെ ഫോർ വീലർ പോകണമെന്നില്ല.. അതിലും വേണം ശ്രദ്ധ.
ഒരിക്കൽ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് വഴി തെറ്റിയാൽ മാപ്പിലെ Contribute എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്ത് ആഡ് പ്ലേസ് നൽകാം.. ഒപ്ഷനിൽ ക്ലിക്ക് ചെയ്ത് സ്ഥലം ആഡ് ചെയ്താൽ മാപ്പ് അക്കാര്യം പരിഗണിക്കും. പിന്നീട് വരുന്ന യാത്രക്കാർക്ക് തുണയാകും … അതൊക്കെയാണെങ്കിലും ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ വേണം. സംശയമുണ്ടെങ്കിൽ വഴി യാത്രക്കാരോട് ചോദിക്കാം.ഏറ്റവും പ്രധാനം അപരിചിതമായ വഴിയെന്ന ധാരണയോടെ വേഗം നന്നേ കുറച്ച് പോകുക,രാത്രി മഴ,മഞ്ഞ് എന്നീ അവസ്ഥയില്‍ കണ്ണടച്ച് ഗൂഗിളിനെ വിശ്വസിച്ച് ഇടുങ്ങിയ അഗമ്യമായ വഴികളില്‍ ചെന്നുചാടാതെ സംശയദൃഷ്ടിയോടെ മാത്രം പോവുക.