ബാർ ഉടമ നേതാവ് മലക്കം മറിഞ്ഞു, ശബ്ദ സന്ദേശത്തിലെ പണ പിരിവ് ‘കെട്ടിട നിർമ്മാണ’ ത്തിനെന്ന് അനിമോൻ, സംസ്ഥാന പ്രസിഡൻ്റിൻ്റെ വാദം ഏറ്റുപിടിച്ചു

Advertisement

കൊച്ചി: രണ്ട് നാൾ കേരളത്തിലെ ഭരണപക്ഷപത്തെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തിയ ബാർ ഉടമ സംഘടനയുടെ സംസ്ഥാന നേതാവ് മലക്കം മറിഞ്ഞു. നമ്മളെ സഹായിക്കുന്നവരെ തിരികെ സഹായിക്കണമെന്നും അതിന് രണ്ടര ലക്ഷം വീതം ഉടൻ നൽകണമെന്നും ശബ്ദ സന്ദേശത്തിലൂടെ ആവശ്യപ്പെട്ട അനിമോനാണ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് വി.സുനിൽകുമാർ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ് ഗ്രൂപ്പ് ഉടമകൾക്ക് ഇന്ന് വീണ്ടും ശബ്ദ സന്ദേശമയച്ചത്.
ഒരു സ്വകാര്യ ചാനൽ രണ്ട് മിനിഞ്ഞാന്ന് പുറത്ത് വിട്ട ശബ്ദ സന്ദേശം പ്രതിപക്ഷം ഏറ്റുപിടിച്ചു.മന്ത്രി രാജിവെയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടപ്പോൾ ദില്ലി മോഡൽ മദ്യ നയമാണ് കേരളത്തിലെന്ന് ബിജെപിയും പ്രചരണം നടത്തി. സംഭവം വിവാദമായതോടെ എക്സ്സൈസ് മന്ത്രി എം ബി രാജേഷ് ഡി ജി പി ക്ക് നൽകിയ പരാതി അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
ഇടത് സർക്കാരിനെ പിടിച്ചുലയ്ക്കാൻ മാധ്യമങ്ങളും പ്രതിപക്ഷവും ഒരു പോലെ ശ്രമിക്കുന്നതിനിടെയാണ് ഇന്നലെ വി സുനിൽ കുമാർ പറഞ്ഞതാണ് ശരിയെന്ന് പറഞ്ഞ് അനിമോൻ ഇന്ന് രംഗ പ്രവേശം ചെയ്തത്.

ഇന്നലെ സുനിൽ കുമാർ പറഞ്ഞത് ഇങ്ങനെ

മദ്യനയത്തിന് ഇളവുനൽകാൻ സംസ്ഥാന സർക്കാരിന് കോഴ നൽകാൻ പിരിവെടുത്തെന്ന ആരോപണം തള്ളി ബാറുടമകളുടെ സംഘടന. കഴിഞ്ഞ ഏഴു വർഷത്തിനിടെ തങ്ങൾ ഒരു പിരിവും നടത്തിയിട്ടില്ല. അം​ഗങ്ങളോട് പണം ആവശ്യപ്പെട്ടത് കെട്ടിട നിർമാണത്തിന് ആവശ്യമായ ഫണ്ടിന് വേണ്ടിയാണെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

താൻ പ്രസിഡന്റായി സ്ഥാനമേൽക്കുമ്പോൾ കേരളത്തിൽ ബാറുകൾ നിരോധിച്ചിരിക്കുകയായിരുന്നു. പിന്നീട്, എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ബാർ തുറന്നുതന്നു. അന്ന് ഇത്തരത്തിൽ ഒരു ആരോപണവും ഇല്ലായിരുന്നു. അതിനുശേഷം കോവിഡ് വന്നു. അന്നും വ്യവസായം കുഴപ്പമില്ലാതെ മുന്നോട്ട് പോകാനുള്ള സാഹചര്യം സർക്കാർ അനുവദിച്ചു. ആ കാലയളവിൽ രണ്ട് തിരഞ്ഞെടുപ്പുകളുമുണ്ടായിരുന്നു. എന്തെങ്കിലും ചെയ്യണമായിരുന്നെങ്കിൽ ബാർ തുറന്നു നൽകിയ സാഹചര്യത്തിലായിരുന്നു ചെയ്യേണ്ടിയിരുന്നത്.

ഇപ്പോൾ കേരളത്തിൽ 820-ഓളം ഹോട്ടലുകളുണ്ട്. ഒരു ഹോട്ടൽ പോലും ലൈസൻസ് നേടാൻ പണം നൽകിയതായി തന്റെ അറിവിലില്ല. 650 അംഗങ്ങളാണ് ഈ സംഘടനയിലുള്ളത്. സംഘടനയ്ക്കായി തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാൻ തീരുമാനിച്ചിരുന്നു. എന്നാൽ, എറണാകുളത്ത് ഒരു ഓഫിസ് ഉള്ളതുകൊണ്ട് തിരുവനന്തപുരത്ത് ഓഫിസ് വേണ്ട എന്ന് അഭിപ്രായമുള്ള ചിലർ സംഘടനയിലുണ്ടായിരുന്നു. ഇതോടെ രണ്ട് തവണ തീരുമാനിച്ചിട്ടും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. മൂന്നാം തവണ തീരുമാനം നടപ്പാക്കാൻ തന്നെ തീരുമാനിച്ചു.

എന്തായാലും അനിമോൻ്റെ മാനസാന്തരം സർക്കാരിന് തെല്ല് ആശ്വാസമായി. സംഭവത്തെ കുറിച്ചു പോലീസ് അന്വേഷണം തുടരും.

Advertisement