തിരുവനന്തപുരം. നോക്കി നിൽക്കുമ്പോൾ കടലെടുക്കുന്ന ഒരു സ്വപ്ന തീരമുണ്ട് തലസ്ഥാനത്ത്. കോടികൾ മുടക്കി സംസ്ഥാന സർക്കാർ വര്ഷങ്ങളായി സംരക്ഷിച്ച് വരുന്ന ശംഖുമുഖം തീരമാണ് പ്രകൃതിയുടെ വികൃതിക്ക് ഇരയാവുന്നത്. പുതിയ സാങ്കേതിക വിദ്യകൾക്ക് അനുസരിച്ച് തീരശോഷണം തടയാൻ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടും തിരമാലകൾ തീരദേശ റോഡ് തൊടുന്നു. കച്ചവടവും, പാർക്കുകളും എല്ലാം ശംഖുമുഖത്ത് കാണാകാഴ്ചയായി.
തിരുവനന്തപുരത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ പ്രധാനമുഖമായിരുന്നു ശംഖുമുഖം. വർഷങ്ങൾക്ക് മുൻപ് കടലേറ്റത്തില്‍ ശംഖുമുഖത്തിന്റെ തീരവും റോഡും കവർന്നിരുന്നു. പിന്നെ കുറെ മാസങ്ങൾ വെറുതെ കിടന്നു. പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ തീരവും റോഡും തിരിച്ചുകൊണ്ടുവരാന്‍ സർക്കാർ ശ്രമങ്ങൾ തുടങ്ങി.
പിന്നെ ഓരോ മൻസൂണിലും തീരം പതിയെ പതിയെ കടലെടുക്കാൻ തുടങ്ങി. ആധുനിക രീതിയിൽ കടൽ ഭിത്തി നിർമ്മിച് റോഡ് കടലെടുക്കുന്നത് ഒരു പരിധി വരെ സർക്കാർ ഒഴിവാക്കി. എന്നാൽ തീരം നഷ്ടമാകുന്നതിന് പരിഹാരം ഇല്ല. മഴക്കാലം എത്തിയതോടെ കടൽ വീണ്ടും ഭയപ്പെടുത്തുന്നുണ്ട്. തീരത്തേക്ക് കടൽ കയറി തുടങ്ങി. തിരമാല തീരദേശ റോഡ് തൊടും. കടലമ്മ ചതിക്കില്ല എന്ന വിശ്വാസത്തിൽ തീരദേശവാസികളും.
കടലിങ്ങനെ കലിതുള്ളുമ്പോൾ നഷ്ടമാകുന്നത് ആയിരക്കണക്കിന് വിനോദ സഞ്ചാരികളുടെ, സായാഹ്‌ന സവാരിക്കാരുടെ അതിലുപരി ഈ തീരത്ത് ആശ്രയിച്ച് ജീവിക്കുന്നവരുടെ പ്രിയപ്പെട്ട ഇടം. തീരമേ ഇല്ലാത്ത ഒരിടമായി ശംഖുമുഖം മാറുമോ എന്നാണ് ആശങ്ക. ഓരോ മൺസൂൺ കാലത്തും തീരത്തിൻ്റെ വലിയൊരു ഭാഗം കടൽ വിഴുങ്ങുന്നു. ശംഖുമുഖം തീരദേശ റോഡ് സംരക്ഷിക്കാൻ സർക്കാർ തയാറായത് പോലെ തീരത്തേയും സംരക്ഷിക്കേണ്ടതുണ്ട്.